Published - Mar 03 , 2018 11:44 AM
കോഴിക്കോട്: മഹല്ലുകളിലും മദ്റസകളിലും മസ്ജിദുകളിലും മത സ്ഥാപനങ്ങളിലും സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സെന്‍ട്രല്‍ കമ്മിറ്റി നടപ്പില്‍ വരുത്തുന്ന സോഷ്യല്‍ ഓഡിറ്റ് (മഹല്ല് സഞ്ചാരം) പ്രക്രിയക്കുവേണ്ടി റീജ്യണല്‍ തലത്തില്‍ അഞ്ചംഗ സിജി (ക്രിയേറ്റീവ് ഗ്രൂപ്പ്) രൂപീകരണം ആരംഭിച്ചു. എസ്.എം.എ റീജ്യണല്‍ സെക്രട്ടറി ചെയര്‍മാനും ഒഫീഷ്യല്‍ അസിസ്റ്റന്റ് കണ്‍വീനറും വിദ്യാഭ്യാസ പ്രവര്ത്തകന്, സാമൂഹ്യ പ്രവര്ത്തകന്, പണ്ഡിതന് എന്നിവര്‍ അംഗങ്ങളുമായാണ് സിജി രൂപവത്കരിക്കുന്നത്.
മഹല്ല്, സ്ഥാപന കമ്മിറ്റികള്‍ നടപ്പിലാക്കിയ പദ്ധതികളുടെ പ്രകടനങ്ങള്‍ വിലയിരുത്തുന്നതിന്നും, അംഗങ്ങള്‍ക്ക് അവയെ വിലയിരുത്താനുള്ള അവസരം നല്‍കുന്നതിനുള്ള സംവിധാനവും ഉള്‍ക്കൊള്ളുന്ന രീതിശാസ്ത്രമാണ് സോഷ്യല്‍ ഓഡിറ്റ്. സംഘത്തിന്റെ സാമൂഹികവും ധാര്‍മ്മികവുമായ പ്രകടനങ്ങളെ അളക്കുകയും മനസ്സിലാക്കുകയും അറിയിക്കുകയും ആത്യന്തികമായി മെച്ചപ്പെടുത്തുകയും ചെയ്യുന്ന മാര്‍ഗമാണിത്.
ആസൂത്രണത്തിലും നടപ്പാക്കലിലുമുള്ള വിശ്വാസ്യത, സുതാര്യത, പങ്കാളിത്തം, ഉത്തരവാദിത്വം, കൂടിയാലോചന തുടങ്ങിയ ജനാധിപത്യത്തിന്റെ അടിസ്ഥാന അവകാശങ്ങള്‍ മഹല്ല്, സ്ഥാപനവത്കരിക്കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. സാമൂഹിക ലക്ഷ്യങ്ങള്‍ക്കായി വിഭവങ്ങള്‍ എങ്ങനെ ഉപയോഗിക്കപ്പെട്ടു എന്നതാണ് സോഷ്യല്‍ ഓഡിറ്റിന്റെ മറ്റൊരു പരിഗണന. തെറ്റുകളും കുറ്റങ്ങളും കണ്ടുപിടിക്കുകയല്ല, മറിച്ച് യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുന്ന ഒരു പ്രക്രിയയാണിത്. ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് മഹല്ല്, സ്ഥാപനം എത്രത്തോളം വളര്‍ന്നിട്ടുണ്ടെന്ന് കണ്ടുപിടിക്കുന്നതിനും സ്ഥാപനത്തിന്റെ സാമ്പത്തികേതര ലക്ഷ്യങ്ങളെ കൃത്യവും ചിട്ടയോടുകൂടിയുള്ള വിശകലനവും വഴി കണ്ടെത്തുന്നതിനും സോഷ്യല്‍ ഓഡിറ്റ് സഹായിക്കും.
സോഷ്യല്‍ ഓഡിറ്റ് പ്രചാരണത്തിന്റെ പോസ്റ്റര്‍ വിതരണം നടത്തി. സിജി അംഗങ്ങള്‍ക്കുള്ള പരിശീലനം സിജി സെന്‍ട്രല്‍ ബോര്‍ഡ് ജില്ലാ തലത്തില്‍ നല്‍കും. പരിശീലനത്തില്‍ പങ്കെടുത്ത സിജി അംഗങ്ങള്‍ക്ക് എസ്.എം.എ സെന്‍ട്രല്‍ കമ്മിറ്റി പുറത്തിറക്കുന്ന സോഷ്യല്‍ ഓഡിറ്റ് മാന്വല്‍ നല്‍കും. മാന്വല്‍ അനുസരിച്ചാണ് സിജി സോഷ്യല്‍ ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്.
റീജ്യണല്‍ തല സിജി രൂപവത്കരണത്തിന് എസ്.എം.എ മേഖലാ കമ്മിറ്റികള്‍ നേതൃത്വം നല്‍കും.