Published - Jul 23 , 2019 18:02 PM
ജില്ലാ സമ്മേളനങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം കോഴിക്കോട് സമസ്ത സെന്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ നിര്‍വഹിച്ചു.
കോഴിക്കോട്: സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന കമ്മിറ്റി ആഗസ്റ്റ്-സപ്തംബര്‍ മാസങ്ങളില്‍ ജില്ലാ സമ്മേളനങ്ങള്‍ നടത്തുന്നു. മഹല്ല്, മദ്റസ സ്ഥാപനങ്ങളെ നിയമവിധേയമായി പ്രവര്‍ത്തിപ്പിച്ച് സാര്‍വത്രികമായ പുരോഗതിയിലേക്ക് എത്തിക്കുക. സര്‍ക്കാര്‍, വഖഫ് ബോര്‍ഡ്, കോടതി എന്നിവിടങ്ങളില്‍ നിന്നും മഹല്ല് മദ്റസ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഇടപെടലിനും പരിഹാരത്തിനും വേണ്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുക. മഹല്ല്, മദ്റസ, സ്ഥാപനം, റീജ്യണല്‍, മേഖല, ജില്ലകളില്‍ ഓഫീസ് സംവിധാനം മുതല്‍ എല്ലായിടത്തും ക്രമവും സുതാര്യതയും ഉറപ്പു വരുത്തുക. ഇ-മഹല്ല്, മദ്റസ പാക്കേജ് പദ്ധതികളുടെ വേഗം കൂട്ടുക. ആദര്‍ശത്തിലൂന്നിയ മഹല്ല്, മദ്റസ സ്ഥാപന നടത്തിപ്പ് സാധിച്ചെടുക്കുക തുടങ്ങിയ വിവിധ ലക്ഷ്യത്തിലൂന്നിയാണ് സമ്മേളനം നടത്തുന്നത്.
സമ്മേളനത്തിന്റെ മുന്നോടിയായി മഹല്ല് മദ്റസ സ്ഥാപനങ്ങളില്‍: ഗൃഹ സന്ദര്‍ശനം, ലഘുലേഖ വിതരണം, എക്സിക്യൂട്ടീവ് മീറ്റ്, റീജ്യണല്‍ തലത്തില്‍ സമ്പൂര്‍ണ റീജ്യണല്‍ കൗണ്‍സില്‍ ക്യാമ്പ്, മേഖല തലത്തില്‍ മേഖലാ കൗണ്‍സില്‍ സംഗമം, പ്രചാരണ യാത്ര, ജില്ലാതലത്തില്‍ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് ക്യാമ്പ്, വിവിധ ട്രൈനിംഗ്, റജിസ്ട്രേഷന്, ജില്ലാ കൗണ്‍സില്‍ സംഗമം,, മുതവല്ലി സമ്മേളനം തുടങ്ങിയ പരിപാടികള്‍ നടക്കും.
ജില്ലാ സമ്മേളനങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം കോഴിക്കോട് സമസ്ത സെന്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ നിര്‍വഹിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സമ്മേളന പദ്ധതി ഇ. യഅ്ഖൂബ് ഫൈസി അവതരിപ്പിച്ചു. സുലൈമാന്‍ സഖാഫി കുഞ്ഞുകുളം സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര് കട്ടിപ്പാറ സമാപന പ്രഭാഷണം നടത്തി. സയ്യിദ് പി.എം.എസ് തങ്ങള്‍ തൃശൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്ജീലാനി, എം.എന്‍ സിദ്ധീഖ് ഹാജി, വി.എം. കോയ മാസ്റ്റര്‍ സംസാരിച്ചു.
എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ്, കോഴിക്കോട്, നീലഗിരി, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എസ്.എം.എ ഭാരവാഹികള്‍ ചടങ്ങില്‍ സംബന്ധിച്ചു. തെക്കന്‍ ജില്ലകളിലെ ഭാരവാഹീ ക്യാമ്പ് ജൂലൈ 30 ചൊവ്വാഴ്ച ആലപ്പുഴയില്‍ വെച്ച് നടക്കും.