Published - Feb 01 , 2018 10:31 AM
കോഴിക്കോട്: മഹല്ലുകളിലും മദ്റസകളിലും മസ്ജിദുകളിലും മതസ്ഥാപനങ്ങളിലും സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സെന്‍ട്രല്‍ കമ്മിറ്റി നടപ്പില്‍ വരുത്തുന്ന സോഷ്യല്‍ ഓഡിറ്റ് പ്രക്രിയയുടെ ഭാഗമായി ജില്ലാ തലത്തില്‍ സിജി കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു.
വിവിധ ജില്ലകളില്‍ നടക്കുന്ന കോണ്‍ഫറന്‍സിന്റെ തിയ്യതിയും സമയവും സ്ഥലവും: ഫെബ്രു. 4 ആലുവ മഹാനവമി ഹോട്ടല്‍ (എറണാകുളം, ഇടുക്കി), ഫെബ്രു. 6 ജൗഹരിയ്യ പാരിപ്പള്ളി (പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം), ഫെബ്രു. 10 ഇന്‍ഡോര്‍ സ്റ്റേഡിയം ഹാള്‍ (കോഴിക്കോട്), ഫെബ്രു. 10 വെട്ടിച്ചിറ മജ്മഅ് (മലപ്പുറം വെസ്റ്റ്), ഫെബ്രു. 11 വാദിസലാം (മലപ്പുറം ഈസ്റ്റ്), ഫെബ്രു. 12 പാടന്തറ മര്‍കസ് (നീലഗിരി), ഫെബ്രു. 13 സുന്നി സെന്റര്‍ (കാസര്‍കോട്), ഫെബ്രു. 13 എസ്.കെപാലം മദ്റസ (ആലപ്പുഴ, കോട്ടയം), ഫെബ്രു. 17 അല്‍ അബ്റാര്‍ ഹാള്‍ (കണ്ണൂര്‍), ഫെബ്രു. 17 വാദിനൂര് (പാലക്കാട്), ഫെബ്രു. 18 കൊക്കാലെ (തൃശൂര്‍), ഫെബ്രു. 18 ദാറുല്‍ ഫലാഹ് കോംപ്ലക്സ് കല്‍പ്പറ്റ (വയനാട്).
വിവിധ ജില്ലകളിലെ സിജി കോണ്‍ഫറന്‍സിന് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് പി.എം.എസ് തങ്ങള്‍, പ്രൊഫ. കെ.എം.എ റഹീം, കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, പി.കെ മുഹമ്മദ് ബാദുഷ സഖാഫി, ഇ. യഅ്ഖൂബ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, പി.കെ അബ്ദുറഹ്മാന് മാസ്റ്റര്‍, അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, സുലൈമാന്‍ കരിവെള്ളൂര്‍, ശമീര്‍ പുല്ലൂര്‍ നേതൃത്വം നല്‍കും.
മഹല്ല്, സ്ഥാപന കമ്മിറ്റികള്‍ നടപ്പിലാക്കിയ പദ്ധതികളുടെ പ്രകടനങ്ങള്‍ വിലയിരുത്തുന്നതിന്നും, അംഗങ്ങള്‍ക്ക് അവയെ വിലയിരുത്താനുള്ള അവസരം നല്‍കുന്നതിനുള്ള രീതിശാസ്ത്രവും, വരും കാലത്തേക്കുള്ള വികസന രേഖയുമായ സോഷ്യല്‍ ഓഡിറ്റ് സംസ്ഥാനത്ത് എസ്.എം.എയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ മഹല്ല് ജമാഅത്തുകളിലും മസ്ജിദ് മദ്റസ മത സ്ഥാപനങ്ങളിലും നടപ്പിലാക്കുകയാണ്. ആസൂത്രണത്തിലും നടപ്പാക്കലിലുമുള്ള വിശ്വാസ്യത, സുതാര്യത, പങ്കാളിത്തം, ഉത്തരവാദിത്വം, കൂടിയാലോചന തുടങ്ങിയ ജനാധിപത്യത്തിന്റെ അടിസ്ഥാന അവകാശങ്ങള്‍ മഹല്ല്, സ്ഥാപനവത്കരിക്കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. സാമൂഹിക ലക്ഷ്യങ്ങള്‍ക്കായി വിഭവങ്ങള്‍ എങ്ങനെ ഉപയോഗിക്കപ്പെട്ടു എന്നതും, ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് മഹല്ല്, സ്ഥാപനം എത്രത്തോളം വളര്‍ന്നിട്ടുണ്ടെന്ന് കണ്ടുപിടിക്കുന്നതിനും, സ്ഥാപനത്തിന്റെ സാമ്പത്തികേതര ലക്ഷ്യങ്ങളെ കൃത്യവും ചിട്ടയോടുകൂടിയുള്ള വിശകലനവും വഴി കണ്ടെത്തുന്നതിനും സോഷ്യല്‍ ഓഡിറ്റ് സഹായിക്കും.
സെന്‍ട്രല്‍ കമ്മിറ്റി പ്രസിദ്ധീകരിച്ച മാന്വല്‍ പ്രകാരമാണ് സോഷ്യല്‍ ഓഡിറ്റ് നടത്തേണ്ടത്. മാന്വല്‍ ജില്ലാ സിജി കോണ്‍ഫറന്‍സില്‍ വെച്ച് വിതരണം ചെയ്യും.
ജില്ലാ ട്രൈനേര്സിനു വേണ്ടി കോഴിക്കോട്ട് സംഘടിപ്പിച്ച ടേബിള്ടോക്കിന് ഇ. വി. അബ്ദുറഹ്മാന് നേതൃത്വം നല്കി. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പ്രൊഫ. കെ.എം.എ റഹീം, ഇ. യഅ്ഖൂബ് ഫൈസി, എ.കെ.സി മുഹമ്മദ് ഫൈസി, സുലൈമാന്‍ കരിവെള്ളൂര്‍, കെ.കെ. മുഹമ്മദലി ഫൈസി, അബ്ദുറഹ്മാന് കല്ലായി, സുലൈമാന്‍ ഇന്ത്യനൂര്‍, അബ്ദുല്ലത്വീഫ് മഖ്ദൂമി, മുസ്തഫ സഖാഫി തൃശൂര്‍ സംബന്ധിച്ചു.