Published - Jun 30 , 2017 11:44 AM
ആറായിരം രൂപയില്‍ നിന്ന് പതിനായിരം രൂപയായാണ് തുക വര്‍ധിപ്പിച്ചത്.
കോഴിക്കോട്: അറുപത് വയസ്സ് കഴിഞ്ഞ് സര്‍വീസില്‍ നിന്നും വിരമിച്ച മദ്റസാ മുഅല്ലിം, മസ്ജിദ് ഇമാം, ഖത്വീബ്, മുഅദ്ദിന്, മുദരിസ്, മുഫത്തിശ് എന്നിവര്‍ക്ക് സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന ക്ഷേമ ബോര്‍ഡ് നല്കി വരുന്ന സ്ഥിരം ക്ഷേമ പെന്ഷന് തുക വര്‍ധിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
ആറായിരം രൂപയില്‍ നിന്ന് പതിനായിരം രൂപയായാണ് തുക വര്‍ധിപ്പിച്ചത്. ജൂണ്‍, ഡിസംബര്‍ മാസങ്ങളിലായി രണ്ട് ഗഡുക്കളായാണ് പെന്ഷന് തുക നല്‍കുന്നത്. ഈ വര്‍ഷത്തെ ആദ്യഗഡു ജൂണ്‍ 1 മുതല്‍ കോഴിക്കോട് സമസ്ത സെന്ററിലുള്ള എസ്.എം.എ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് വിതരണം ചെയ്യും. പ്രവൃത്തി ദിവസങ്ങളില്‍ പകല്‍ 10 നും 4 മണിക്കുമിടയില്‍ നേരിട്ട് വന്ന് തുക കൈപ്പറ്റേണ്ടതാണ്. നേരില്‍ വരാന്‍ കഴിയാത്തവര്‍ പെന്ഷന് ബുക്കും എഴുത്തുമായി മറ്റൊരാളെ പറഞ്ഞയക്കാവുന്നതാണ്. നിലവിലുള്ള പെന്ഷന് ബുക്ക് പുതുക്കേണ്ടതിനാല്‍ പെന്ഷന് വാങ്ങാന്‍ വരുന്നവര്‍ രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ കൂടെ കരുതണം.
പുതുതായി പെന്ഷന് അപേക്ഷിക്കേണ്ട വിധം: 60 വയസ്സ് തികഞ്ഞ് സേവനത്തില്‍ നിന്ന് വിരമിച്ചവരാണ് പെന്ഷന് അപേക്ഷിക്കേണ്ടത്. എസ്.എം.എ.യില്‍ രജിസ്റ്റര്‍ ചെയ്ത മഹല്ല്, മാനേജിംഗ് കമ്മിറ്റികളുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ 10 വര്‍ഷത്തെ സര്‍വീസുണ്ടായിരിക്കണം. അപേക്ഷാഫോറം www.emahallu.com എന്ന സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. അപേക്ഷാഫോറത്തില്‍ എസ്.എം.എ റീജ്യണല്‍ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി എന്നിവര്‍ ഒപ്പും സീലും പതിക്കണം. പൂര്‍ണമായി പൂരിപ്പിച്ച ഫോറം സര്‍വീസ് തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം ക്ഷേമകാര്യസെക്രട്ടറി, എസ്.എം.എ സംസ്ഥാന കമ്മിറ്റി ഓഫീസ്, സമസ്ത സെന്റര്‍, കോഴിക്കോട് -6 എന്ന വിലാസത്തില്‍ എത്തിക്കണം. ഫോണ്‍: 0495 2772848