Published - Dec 11 , 2018 10:36 AM
കോഴിക്കോട്: അറുപത് വയസ്സ് കഴിഞ്ഞ് സര്‍വീസില്‍ നിന്നും വിരമിച്ച മദ്റസാ മുഅല്ലിം, മസ്ജിദ് ഇമാം, ഖത്വീബ്, മുഅദ്ദിന്, മുദരിസ് എന്നിവര്‍ക്ക് സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന ക്ഷേമ ബോര്‍ഡ് നല്‍കിവരുന്ന സ്ഥിരം ക്ഷേമപെന്ഷന് പുതുതായി അപേക്ഷ സമര്‍പ്പിച്ചവരില്‍ നിന്ന് 20 പേര്‍ക്ക് കൂടി പെന്ഷന് അനുവദിച്ചു.
പെന്ഷന് പുതുതായി അപേക്ഷ സമര്പ്പിച്ചവര്ക്കുവേണ്ടി കോഴിക്കോട് സമസ്ത സെന്ററില്‍ ചേര്‍ന്ന സംസ്ഥാന ക്ഷേമ ബോര്‍ഡ് സിറ്റിംഗ് എസ്.എം.എ സംസ്ഥാന പ്രസിഡണ്ട് കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര് കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു, വി.പി.എം ഫൈസി വില്യാപ്പള്ളി, ഇ. യഅ്ഖൂബ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം സംബന്ധിച്ചു.
ജൂണ്‍, ഡിസംബര്‍ മാസങ്ങളിലായി രണ്ട് ഗഡുക്കളായാണ് പെന്ഷന് തുക വിതരണം ചെയ്യുന്നത്. 60 വയസ്സ് തികഞ്ഞ് സേവനത്തില്‍ നിന്ന് വിരമിച്ചവരാണ് പെന്ഷന് അപേക്ഷിക്കേണ്ടത്. എസ്.എം.എ.യില്‍ രജിസ്റ്റര്‍ ചെയ്ത മഹല്ല്, മാനേജിംഗ് കമ്മിറ്റികളുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ 10 വര്‍ഷത്തെ സര്‍വീസുണ്ടായിരിക്കണം. അപേക്ഷാഫോറം www.emahallu.com എന്ന സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. അപേക്ഷാഫോറത്തില്‍ എസ്.എം.എ റീജ്യണല്‍ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി എന്നിവര്‍ ഒപ്പും സീലും പതിക്കണം. പൂര്‍ണമായി പൂരിപ്പിച്ച ഫോറം സര്‍വീസ് തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം ക്ഷേമകാര്യസെക്രട്ടറി, എസ്.എം.എ സംസ്ഥാന കമ്മിറ്റി ഓഫീസ്, സമസ്ത സെന്റര്‍, കോഴിക്കോട് -6 എന്ന വിലാസത്തിലാണ് എത്തിക്കേണ്ടത്.