Published - Mar 03 , 2018 11:44 AM
കോഴിക്കോട്: ബാലനീതി നിയമം 2016 ജനുവരിയില്‍ രാഷ്ട്രപതി ഒപ്പുവെക്കുകയും 2017 നവംബര്‍ മുപ്പതോടു കൂടി നിയമത്തിനു കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്ന സുപ്രീംകോടതിയുടെ അന്തിമ വിധി വരികയും ചെയ്ത പശ്ചാതലത്തില്‍ കേരള സര്‍ക്കാറും സാമൂഹിക നീതി വകുപ്പും എത്രയും വേഗം കേരളത്തിനായി റൂള്‍സ് രൂപപ്പെടുത്തണമെന്ന് എസ്.എം.എ കോഴിക്കേട്ട് സംഘടിപ്പിച്ച സ്ഥാപന മേധാവികളുടെ യോഗം കേരള സര്‍ക്കാറിനോടാവശ്യപ്പെട്ടു.
കേരളത്തില്‍ റൂള്‍സ് ഉണ്ടാക്കാത്തതിനാല്‍ കേന്ദ്ര ഗവണ്മെന്റ് നല്‍കിയിട്ടുള്ള മോഡല്‍ റൂള്‍സ് സ്ഥാപനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ് അധികാരികള്‍. മോഡല്‍ റൂള്സാകട്ടെ കേരളീയ പശ്ചാതലത്തില്‍ നടപ്പിലാക്കാന്‍ പ്രയാസമേറിയതാണ്. വടക്കേ ഇന്ത്യയിലെ കെട്ടിട, താമസ, ഭക്ഷണ, ദിനചര്യകളൊന്നും തെക്കെ ഇന്ത്യയില്‍ പ്രായോഗികമല്ലല്ലോ. ഇത് മനസ്സിലാക്കി എത്രയും വേഗം കേരളത്തിനായി റൂള്‍സ് ഉണ്ടാക്കിയെടുക്കണം. യോഗം ആവശ്യപ്പെട്ടു.
അഡോപ്ഷന്‍, സ്റ്റാഫ് പാറ്റേണ്‍, കെട്ടിട സൗകര്യങ്ങള്‍ എന്നിവയിലെ നിയമങ്ങളില്‍ കേരളത്തിന്റെ ചുറ്റുപാടില്‍നിന്നു കൊണ്ടുള്ള ലഘൂകരണം വരുത്തുകയും കേരളത്തിലെ സാഹചര്യത്തില്‍ റഗുലേഷന് ഉണ്ടാക്കി നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന അധികാരികളുടെ അഭിപ്രായം കൂടി പരിഗണിക്കുകയും ബോധ്യപ്പെടുത്തുകയും വേണം.
കുട്ടികളുടെ ആവശ്യങ്ങള്‍, രജിസ്ട്രേഷന് നിയമങ്ങള്‍, സ്റ്റാഫ് പാറ്റേണ്‍, കെട്ടിട സൗകര്യങ്ങള്‍, താമസ സൗകര്യങ്ങളുടെ മാനദണ്ഡം, ശുചീകരണം, ദിനചര്യ, പോഷകാഹാരം, ഭക്ഷണ സമയം, വൈദ്യ പരിചരണം, മാനസികാരോഗ്യം, വിദ്യാഭ്യാസം, വിനോദ സൗകര്യം, നിരോധിക്കപ്പെട്ടവയുടെ ജാഗ്രത, രജിസ്റ്ററുകളുടെ പരിപാലനം, ജുവനൈല്‍ ജസ്റ്റിസ് ഫണ്ട്, സര്‍ക്കാര്‍ കാര്യങ്ങള്‍ തുടങ്ങി അനവധി കാര്യങ്ങള്‍ സ്ഥാപനങ്ങള്‍ പാലിക്കേണ്ടതായി ജുവനൈസ് ജസ്റ്റിസ് ആക്ടില്‍ വിശദീകരിക്കുന്നുണ്ട്.
കോഴിക്കോട് കേശവമേനോന് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജെജെ ആക്ടിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളെ ബാധിക്കുന്ന കാര്യങ്ങളെ കുറിച്ച് വിശദീകരിക്കുകയും സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും അപേക്ഷാഫോറവും ജെജെ ആക്ട് കൈപ്പുസ്തകവും വിതരണം ചെയ്യുകയും ചെയ്തു. വി.എം. കോയ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.എം.എ റഹീം സ്വാഗതവും ഇ. യഅ്ഖൂബ് ഫൈസി നന്ദിയും പറഞ്ഞു. ചൈല്ഡ്ലൈന് കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ മുഹമ്മദലി കൊണ്ടോട്ടി വിഷയാവതരണം നടത്തി.