Published - Nov 28 , 2019 11:11 AM
കോഴിക്കോട്: ദുരന്തനിവാരണത്തിന്റെ ഭാഗമായി മദ്റസകളും പരിസരവും വൃത്തിയുള്ളതും വിഷമുക്തവുമാക്കി നിര്‍ത്താന്‍ സംസ്ഥാനത്തെ മദ്റസാ ഭാരവാഹികളോടും സ്ഥാപന മാനേജ്മെന്റുകളോടും സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സെന്‍ട്രല്‍ കൗണ്‍സില്‍ നിര്‍ദ്ദേശം നല്കി.
വയനാട് ജില്ലയിലെ ഗവ. സര്‍വജന ജി.എച്ച്.എസിലെ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിക്കാനിടയായ സംഭവത്തിന്റെ പിറകെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ശുചീകരണ പ്രവര്‍ത്തികള്‍ നടന്നുവരുന്ന പശ്ചാതലത്തില്‍ മദ്റസകളും പ്രസ്തുത പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു കൊണ്ടാണ് ഈ പരിപാടി നടപ്പിലാക്കുന്നത്.
ഭാരവാഹികളും ഉസ്താദുമാരും, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.എസ്.എഫ്, എസ്.വൈ.എസ്, മുസ്ലിം ജമാഅത്ത് എന്നീ സംഘടനകളെ സഹകരിപ്പിച്ചു കൊണ്ട് താഴെ പറയുന്ന കാര്യങ്ങള്‍ നടപ്പില്‍ വരുത്തുക:
(1) മദ്റസാ കെട്ടിടങ്ങളും പരിസരവും അടിയന്തിരമായി വൃത്തിയാക്കുക.
(2) എല്ലാ ക്ലാസ് മുറികളുടെയും അകവും പുറവും പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തുക.
(3) വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് പുല്ല് പറിക്കുക, പരിസരം വൃത്തിയാക്കുക എന്നീ ജോലികള്‍ ചെയ്യിപ്പിക്കാന്‍ പാടില്ല.
(4) ഒഴിഞ്ഞ സ്ഥലങ്ങളില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍, ചപ്പുചവറുകള്‍ കൂട്ടിയിടുന്നത് കര്‍ശനമായും ഒഴിവാക്കേണ്ടതാണ്.
(5) മൂത്രപ്പുരയും പരിസരവും അവിടേക്ക് പോകുന്ന വഴിയും അടിയന്തിരമായി വൃത്തിയാക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുക.
(6) എല്ലാ ദിവസവും ക്ലാസ് മുറിയും പരിസരവും പരിശോധിച്ച് ഉസ്താദുമാര്‍ സുരക്ഷ ഉറപ്പു വരുത്തണം.
(7) വാതിലുകളും ജനലുകളും അടച്ചുറപ്പുള്ളതാക്കുകയും ക്ലാസ് കഴിഞ്ഞാല്‍ പൂട്ടിയിടുകയും ചെയ്യേണ്ടതാണ്.
(8) വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന അടിയന്തിര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉസ്താദുമാരുടെ ഭാഗത്തു നിന്ന് ജാഗ്രതക്കുറവുണ്ടാകാതെ ഉടനെ പരിഹാരത്തിന് മുതിരേണ്ടതാണ്.
(9) ഭൗതിക സാഹചര്യങ്ങള്‍ മോശമായ മദ്റസകളും സ്ഥാപനങ്ങളും എത്രയും പെട്ടെന്ന് പരിഹാരം കാണാന്‍ മാനേജ്മെന്റ് ശ്രദ്ധിക്കുക.
(10) മാനേജ്മെന്റും അധ്യാപകരും ഒന്നിച്ചിരുന്ന് ഈ സര്‍ക്കുലര്‍ വായിച്ച് പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കണം.
(11) കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന അറബിക്-ദഅ്വ-ശരീഅത് കോളജുകള്‍, യതീം ഖാനകള്‍ എന്നിവകളിലും ഈ സര്‍ക്കുലര്‍ നടപ്പിലാക്കേണ്ടതാണ്.