Published - Jan 17 , 2019 10:43 AM
മൂന്നുപേരില്‍ ജില്ലാ ജഡ്ജിന്റെ യോഗ്യതയുള്ള ഒരാള്‍ ജുഡീഷ്യല്‍ ചെയര്‍മാനും, മറ്റു രണ്ടു അംഗങ്ങളില്‍ ഒരാള്‍ എ.ഡി.എം റാങ്കിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനും, രണ്ടാമത്തെയാള്‍ മുസ്ലിംനിയമത്തിലും നിയമതത്വസംഹിതയിലും വൈദഗ്ധ്യമുള്ളവരുമാകണമെന്നാണ് നിയമം. ആയതുപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ട്രൈബ്യൂണല്‍ നിയമനം നടന്നിട്ടുള്ളത്.
കോഴിക്കോട്: പുതിയ വഖഫ് ട്രൈബ്യൂണല്‍ നിയമനത്തിന്റെ പേരില്‍ സര്‍ക്കാറിനെതിരെ സമരം ചെയ്യുമെന്ന ചേളാരി സമസ്തയുടെ പ്രസ്താവന അപഹാസ്യവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് എസ്.എം.എ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
വഖഫ് ട്രൈബ്യൂണലിന്റെ അംഗങ്ങളിലാരും ഇരു സമസ്തക്കുമെതിരെ രംഗത്തു വന്നവരല്ല. അവരുടെ ജോലിയുടെ ഭാഗമായി കേസുകള്‍ കേള്‍ക്കുന്നവരും കൈകാര്യം ചെയ്യുന്നവരുമാണെന്ന് മാത്രം. നിയമിതരായ 3 അംഗങ്ങളും അവരവരുടെ മേഖലയില്‍ കഴിവു തെളിയിച്ചവരും അഴിമതിയോ സ്വജനപക്ഷപാതമോ ഇതുവരെ ആരോപിക്കപ്പെട്ടിട്ടില്ലാത്തവരുമാണ്.
മൂന്നുപേരില്‍ ജില്ലാ ജഡ്ജിന്റെ യോഗ്യതയുള്ള ഒരാള്‍ ജുഡീഷ്യല്‍ ചെയര്‍മാനും, മറ്റു രണ്ടു അംഗങ്ങളില്‍ ഒരാള്‍ എ.ഡി.എം റാങ്കിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനും, രണ്ടാമത്തെയാള്‍ മുസ്ലിംനിയമത്തിലും നിയമതത്വസംഹിതയിലും വൈദഗ്ധ്യമുള്ളവരുമാകണമെന്നാണ് നിയമം. ആയതുപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ട്രൈബ്യൂണല്‍ നിയമനം നടന്നിട്ടുള്ളത്.
പുതിയ കേന്ദ്ര വഖഫ് ആക്ടിന്റെ ചുവടുപിടിച്ച് കേരളത്തില്‍ നിലവിലുള്ള കൊല്ലം, എറണാകുളം, കോഴിക്കോട് എന്നീ 3 ട്രൈബ്യൂണലുകളും ഒന്നായി മാറി കോഴിക്കോട്ട് സ്ഥാപിക്കുകയാണ്. ഈ വരുന്ന 19ന് ട്രൈബ്യൂണല്‍ അധികാരമേല്‍ക്കുന്നതിന് മുമ്പുതന്നെ അതിനെതിരെ സമരവുമായി രംഗത്തിറങ്ങുന്നത് ദുരുദ്ദേശ്യപരമാണ്.
കഴിഞ്ഞകാലങ്ങളില്‍ നിയമവിരുദ്ധവും അടിസ്ഥാന നീതിക്കെതിരുമായി വഖഫ് ബോര്‍ഡില്‍നിന്നും ലഭിച്ച സൗകര്യങ്ങള്‍ തടയപ്പെടുമെന്ന ഭീതിയാണോ ഇക്കൂട്ടര്‍ക്ക് എന്ന് സംശയിക്കുകയാണ്.
വഖഫിന്റെ സംരക്ഷണവും വാഖിഫിന്റെ ലക്ഷ്യവും വെച്ചു നീങ്ങേണ്ടതിനുപകരം ഏകപക്ഷീയമായും ക്രമവിരുദ്ധമായും പ്രവര്‍ത്തിക്കുന്ന വഖഫ് ബോര്‍ഡിന് അധികാരം നഷ്ടപ്പെടുമോ എന്നതിന്റെ ആശങ്കയില്‍ നിന്നുള്ള വെപ്രാളമാണ്. ഇതിന് ഒരു മതസംഘടന ചൂട്ടു പിടിക്കുന്നത് ശരിയല്ല.
വഖഫ് ആക്ടിന് വിരുദ്ധമായി, ഷിയാപണ്ഡിതനെ ബോര്‍ഡിലേക്ക് എടുക്കുന്നതിന്റെ മറവില്‍ മുജാഹിദ് നേതാവിന് അംഗത്വവും ഇസ്ലാമിക പണ്ഡിതനല്ലാത്ത ഒരാളെ മെമ്പറും ചെയര്‍മാനുമാക്കി കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ചപ്പോള്‍ ഈ പ്രതിഷേധക്കാര്‍ എവിടെയായിരുന്നു? നിയമത്തില്‍ പരിജ്ഞാനമില്ലാത്ത സാധാരണ വിശ്വാസികളെ തെറ്റു ധരിപ്പിക്കാനും അതുമൂലം സര്‍ക്കാറിനെതിരെ തിരിക്കാനും ഉള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമാണ് ചേളാരി സമസ്തയുടെ പ്രസ്താവനയും സമരാഹ്വാനവും എന്ന് ശങ്കിക്കുന്നു.
യോഗത്തില്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.എം.എ റഹീം, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, വി.എം കോയ മാസ്റ്റര്‍, ഇ. യഅ്ഖൂബ് ഫൈസി, പി.കെ അബ്ദുറഹ്മാന് മാസ്റ്റര്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം സംബന്ധിച്ചു.