Published - Jan 11 , 2019 18:20 PM
കോഴിക്കോട്: വഖഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനം പി.എസ്.സിക്കു വിടാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്തു. പി.എസ്.സിക്ക് വിടുമ്പോള്‍ ബോര്‍ഡ് നിയമനങ്ങള്‍ പ്രത്യേകം ലിസ്റ്റായി സംവരണ നഷ്ടം സംഭവിക്കാതെ പരിഗണിക്കണമെന്നും എസ്.എം.എ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനും നിയന്ത്രണത്തിനും വേണ്ടി സ്ഥാപിതമായതാണ് വഖഫ് ബോര്‍ഡ്. എന്നാല്‍ കാലങ്ങളായി കേവല രാഷ്ട്രീയ, ഗ്രൂപ്പ് താത്പര്യങ്ങള്‍ക്കായി വഖഫ് ബോര്‍ഡിനെ ഉപയോഗപ്പെടുത്തി വരുന്നു. ബോര്‍ഡിലേക്ക് വരുന്ന നിയമനങ്ങള്‍ തീര്‍ത്തും കക്ഷി ബന്ധങ്ങള്‍ക്ക് മാത്രമായി നീക്കിവെക്കുകയും വീതം വെപ്പ് നടത്തുകയും ചെയ്താണ് ഇക്കാലമത്രയും നിയമിച്ചിട്ടുള്ളത്.
പി.എസ്സിക്ക് വിടുന്ന മുറയ്ക്ക് അര്‍ഹതയുള്ള, യോഗ്യരായ മുസ്ലിം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കാന്‍ സാധ്യതയേറുകയാണ് ചെയ്യുക. കൂടുതല്‍ സുതാര്യവും കൈകടത്തലുകള്‍ക്ക് വിധേയമാകാതെയുമുള്ള നിയമനം സാധ്യമാവുകയും ചെയ്യും.
പി.എസ്.സിക്ക് വിടുന്നത് തടയണമെന്ന് പറയുന്നവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കഴിഞ്ഞ കാല നിയമനങ്ങളില്‍ വെള്ളം ചേര്ത്തിയവരാണ് സമുദായ താത്പര്യം പറഞ്ഞ് മുന്നോട്ട് വരുന്നത്.
കോഴിക്കോട് സമസ്ത സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര് കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, പ്രൊഫ. കെ.എം.എ റഹീം, പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ്, വി.എം. കോയ മാസ്റ്റര്‍, പി.കെ. അബ്ദുറഹ്മാന് മാസ്റ്റര്‍, ഇ. യഅ്ഖൂബ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം സംബന്ധിച്ചു.