Published - Nov 27 , 2017 15:47 PM
കോഴിക്കോട്: യഥാര്‍ത്ഥ തൗഹീദിന്റെ പ്രചാരകരും കേരളത്തില്‍ സമാധാന അന്തരീക്ഷം സൃഷ്ടിച്ചതും നവോത്ഥാനമുണ്ടാക്കിയതും കെ.എന്‍.എമ്മും സലഫികളുമാണെന്ന മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറിന്റെയും സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദിന്റെയും പ്രസ്താവന അതിരുകടന്നതും കേരളത്തിലെ ഇസ്ലാമിക പാരമ്പര്യത്തിന് തീര്‍ത്തും എതിരായതുമാണെന്ന് സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.
തീവ്രവാദ ചിന്തകള്‍ ലോകത്ത് വളര്‍ത്തിക്കൊണ്ടുവന്ന് കേരളത്തിലും ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ശ്രമത്തെ കയ്യോടെ പിടികൂടിയിട്ടും സലഫികള്‍ക്ക് വെള്ളപൂശാനുള്ള ലീഗ് നേതാക്കളുടെ ഉദ്യമം എന്തിന്റെ പേരിലായാലും അംഗീകരിച്ചു കൂടാത്തതാണ്. ചേളാരി സമസ്തയുടെ ഉപാധ്യക്ഷനും ലീഗ് അധ്യക്ഷനുമായ പാണക്കാട് തങ്ങള്‍ക്ക് ഈ വിഷയത്തില്‍ എന്തു നിലപാടാണ് എന്നറിയാന്‍ സുന്നി സമൂഹത്തിന് താത്പര്യമുണ്ട്. മുജാഹിദ് വിഭാഗം വെച്ചുപുലര്‍ത്തുന്ന ആദര്‍ശം ശരിയായ തൗഹീദാണ് എന്ന് പറയുന്നത് കേരളത്തിലെ ബഹുഭൂരിഭാഗം വരുന്ന സുന്നികളെ പരിഹസിക്കുന്നതിന് തുല്യമാണ്.
സൈനുദ്ദീന്‍ മഖ്ദൂം തങ്ങളും മമ്പുറം തങ്ങളുമടങ്ങുന്ന സാത്വികരാണ് കേരളത്തിലെ ഇസ്ലാമിക നവോത്ഥാന നായകര്‍. കേരള ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്ന സത്യമാണിത്. അവരുടെ പാത പിന്തുടരുന്ന സുന്നി പണ്ഡിത വരേണ്യരുടെ കീഴില്‍ വളര്‍ന്ന മുസ്ലിംകളെ കുറിച്ച് ആര്‍ക്കും പരാതി ഉണ്ടായിരുന്നില്ല. എന്നാല്‍ സലഫി ആശയങ്ങള്‍ കേരളത്തില്‍ പ്രചരിച്ചതോടെയാണ് കേരളത്തിലും മുസ്ലിംകളെ സംശയ ദൃഷ്ടിയോടെ നോക്കിക്കാണാന്‍ തുടങ്ങിയത്. ഈ രൂപത്തില്‍ സമുദായത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്ന സലഫികള്‍ക്ക് സര്‍വ പിന്തുണയും നല്കുന്നവര് സുന്നികളെ കേവലം വോട്ട്ബേങ്കായി മാത്രം കാണുന്നത് തിരിച്ചറിയേണ്ടിയിരിക്കുന്നു. സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.
സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര് കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. ഇ. യഅ്ഖൂബ് ഫൈസി സ്വാഗതം പറഞ്ഞു. പ്രൊഫ. കെ.എം.എ റഹീം, വി.എം. കോയ മാസ്റ്റര്‍, പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ്, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, പി.കെ. അബ്ദുറഹ്മാന് മാസ്റ്റര്‍ സംബന്ധിച്ചു.