Published - Jan 11 , 2019 18:21 PM
എസ്.എം.എ ഈദ് സന്ദേശം
സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന സംസ്ഥാന പ്രസിഡണ്ട് കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര് കട്ടിപ്പാറ, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.എം.എ റഹീം, ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ എന്നിവര്‍ വിശ്വാസികള്‍ക്ക് ബലി പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.
പെരുന്നാള്‍ സുദിനത്തിലും തുടര്‍ന്നും പ്രളയ ദുരിതത്തില്‍ അകപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മസ്ജിദുകള്‍, മദ്റസകള്‍, ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍, യതീംഖാനകള്‍, അഗതി മന്ദിരങ്ങള്‍, അറബിക് കോളേജുകള്‍, ദഅ് വാ-ശരീഅത്ത് കോളേജുകള്‍, മറ്റു സ്ഥാപനങ്ങള്‍ പൂര്‍ണമായി സര്‍ക്കാര്‍ സംവിധാനങ്ങളുമായും പ്രസ്ഥാന പദ്ധതികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കണം.
കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ദുരിത ദിനങ്ങളാണ് കടന്നുപോയത്. സര്‍വവും നഷ്ടപ്പെട്ട ധാരാളം ആളുകളുണ്ട്. ഭാഗികമായി നാശനഷ്ടങ്ങള്‍ നേരിട്ടവരുണ്ട്. ഭാവി ജീവിതത്തിലേക്ക് ഭീതിയോടെ നോക്കി നില്‍ക്കുന്നവരുണ്ട്. ഇത്തരം ആളുകളെ കണ്ടെത്തി മഹല്ല് ജമാഅത്തുകള്‍ അതാത് ദേശത്തെ ദുരിതബാധിതര്‍ക്ക് സ്ഥിരം സഹായ പദ്ധതികള്‍ ആവിഷ്കരിക്കണം. ഇതര മഹല്ലുകള്‍ അതുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം.
മസ്ജിദ് ഖത്വീബുമാര്‍ പെരുന്നാള്‍ ദിനത്തിലെ സന്ദേശ പ്രഭാഷണത്തില്‍ സഹജീവികളെ സഹായിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും വിവിധ മേഖലകളില്‍ സേവനം ചെയ്ത സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മറ്റും വേണ്ടി പ്രാര്‍ത്ഥന നടത്തുകയും ചെയ്യണം. എസ്.എം.എ റീജ്യണല്‍, മേഖലാ, ജില്ലാ കമ്മിറ്റികള്‍ പുനരധിവാസ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും എസ്.എം.എ സംസ്ഥാന കമ്മിറ്റി ഈദ് സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു.