Published - Dec 11 , 2018 10:35 AM
കോഴിക്കോട്: എസ്.എം.എയില്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തെ മുഴുവന്‍ മഹല്ലുകളിലും മസ്ജിദ്, മദ്റസ, സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുവാന്‍ സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
സുസ്ഥിരമായ ശുചിത്വ പരിപാലനം ഉറപ്പുവരുത്തുന്നതിന് പുനരുപയോഗം ഇല്ലാത്ത സാധന സാമഗ്രികള്‍ ഒഴിവാക്കി, പ്രകൃതി സൗഹൃദ സാധനങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ മഹല്ല് മസ്ജിദ് സ്ഥാപനങ്ങള്‍ പ്രതിജ്ഞയെടുക്കും.
തെര്‍മോക്കോള്‍ പ്ലേറ്റുകള്‍, പ്ലാസ്റ്റിക്/മെഴുക് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചതോ ആവരണം ചെയ്തതോ ആയ പേപ്പര്‍ ഇലകള്‍, ഡിസ്പോസിബിള്‍ പ്ലേറ്റുകള്‍, ടംബ്ലറുകള്‍, റീസൈക്കിള്‍ ചെയ്യാന്‍ പറ്റാത്ത ഫ്ളക്സുകള്‍ എന്നിവയുടെ ഉപയോഗം ഒഴിവാക്കും. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മ്മിച്ച ക്യാരി ബാഗുകളിലും കവറുകള്‍, കണ്ടൈനറുകള്‍, പാത്രങ്ങള്‍ എന്നിവയിലും ഭക്ഷണ സാധനങ്ങളോ പാനീയങ്ങളോ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തും. റമളാന്‍ കാലത്തുണ്ടാകുന്ന നോമ്പുതുറ, മറ്റു പരിപാടികളിലും ഹരിത നിയമാവലി നടപ്പാക്കും.
ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി എസ്.എം.എ. സംസ്ഥാന സെക്രട്ടറിയേറ്റ് വിവിധ പരിപാടികള്‍ക്ക് രൂപം നല്കി. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര് കട്ടിപ്പാറ, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി, പ്രൊഫ. കെ.എം.എ റഹീം, പി,കെ അബ്ദുറഹ്മാന് മാസ്റ്റര്‍, ഇ. യഅ്ഖൂബ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം സംബന്ധിച്ചു.