Published - Jan 28 , 2020 12:55 PM
കോഴിക്കോട്: മഹല്ല് ജമാഅത്ത്, മസ്ജിദ്, മദ്റസ, സ്ഥാപനങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളെ ക്രമീകരിക്കാനും ശക്തിപ്പെടുത്താനുമായി കൃത്യമായ നേതൃത്വം നല്കിക്കൊണ്ടിരിക്കുന്ന സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) അംഗത്വ കാമ്പയിന് ആചരിക്കുന്നു. 2020 ജനുവരി 31 വെള്ളിയാഴ്ചയാണ് അംഗത്വദിനം.
മാറിയ ഇക്കാലത്ത് മഹല്ലുകളെയും മദ്റസാ സ്ഥാപനങ്ങളെയും നയിക്കാന്‍ പ്രാപ്തരായ നേതൃത്വത്തെ ഉണ്ടാക്കലാണ് അംഗത്വ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
മഹല്ല്, മസ്ജിദ്, മദ്റസ, സ്ഥാപന മാനേജിംഗ് കമ്മിറ്റിയിലെ എക്സിക്യൂട്ടീവ് മെമ്പര്‍മാരാണ് എസ്.എം.എ അംഗത്വത്തിന് അപേക്ഷിക്കേണ്ടത്. കൂടാതെ മസ്ജിദ് ഖതീബ്, മദ്റസ സദര്‍, സ്കൂള്‍ മാനേജര്‍, പ്രിന്‍സിപ്പാള്‍ തുടങ്ങിയ ജീവനക്കാരെയും നിശ്ചിത ഫോറത്തില്‍ അംഗങ്ങളായി ചേര്‍ക്കണം.
അംഗത്വ കാമ്പയിനിന്റെ സെന്‍ട്രല്‍ തല ഉദ്ഘാടനം കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ നിന്ന് അംഗത്വമെടുത്തു കൊണ്ട് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് നിര്‍വഹിച്ചു. ചടങ്ങില്‍ കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പ്രൊഫ. കെ.എം.എ റഹീം, ഇ. യഅ്ഖൂബ് ഫൈസി, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി സംബന്ധിച്ചു.
റീജ്യണ്‍, മേഖല, ജില്ലാ, സംസ്ഥാന കമ്മിറ്റി പുനഃസംഘടന അംഗത്വ കാമ്പയിന്റെ ഭാഗമായി സമയബന്ധിതമായി പൂര്‍ത്തിയാക്കും. കാമ്പയിന്റെ പ്രചാരണത്തിനുവേണ്ടി ജില്ലാ-മേഖലാ തലങ്ങളില്‍ ക്രിയേഷന് 2020 ക്യാമ്പുകള്‍ നടന്നുവരുന്നു.