Published - Jan 02 , 2020 10:55 AM
കോഴിക്കോട്: കേരളത്തിലെ വഖഫ് സംരക്ഷണത്തിനായി നൈതികമായ ഇടപെടലിന് മഹല്ല് മദ്റസ സ്ഥാപന കമ്മിറ്റികളെ പരിശീലിപ്പിക്കാനും സജ്ജരാക്കാനുമായി 2019 ഫെബ്രുവരി 9ന് വൈകു. 3 മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ വഖഫ് സമ്മേളനം നടത്തുന്നു. 'വഖഫ്, സംരക്ഷണം, നൈതികത' എന്ന പ്രമേയത്തിലാണ് വഖഫ് സമ്മേളനം.
വഖഫ് സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും പരിപാലനം ഏല്പ്പിക്കപ്പെട്ടവര് നിരവധി പ്രശ്നങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വരികയാണ്. വഖഫ് ഡോക്യുമെന്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സ്വത്ത് സംരക്ഷിക്കുകയാണ് പ്രധാന ചുമതല. വഖഫിന്റെ നിശ്ചയങ്ങളും നിര്‍ദ്ദേശങ്ങളും ആധാരത്തില്‍ പ്രതിപാദിക്കുന്നതിന് വിരുദ്ധമായ രൂപത്തില്‍ കൈകാര്യം ചെയ്യാനും വഖഫിന്റെ മതപരമായ കാര്യങ്ങളിലും കീഴ്വഴക്കങ്ങളിലും ഇടപെടുത്താനും ചില ബാഹ്യശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തനിമയാര്‍ന്ന ഭരണനിര്‍വഹണവും ധനവിനിയോഗവും നടത്താതിരുന്നതിനാല്‍ ധാരാളം വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു കിടക്കുകയാണ്.
ഗവണ്മെന്റ് ഗ്രാന്റ്, സോഷ്യല്‍ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നുള്ള ഗ്രാന്റ്, തര്‍ക്കമുള്ള വഖഫ് സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം, വഖ്ഫുകള്‍ നല്കുന്ന വാര്‍ഷിക വിഹിതം തുടങ്ങിയ കോടിക്കണക്കിന് വരുമാനം ലഭിക്കുന്ന സംസ്ഥാന വഖഫ് ബോര്‍ഡ് ആ തുക ഈ സമുദായത്തിനുവേണ്ടി പൂര്‍ണമായും ചെലവഴിക്കുന്നില്ല. നിലവിലെ വഖഫ് ബോര്‍ഡിന്റെ അക്ഷന്തവ്യമായ ഇടപെടല്‍ വഖഫിന്റെ നാശത്തിലേക്ക് നീക്കും.
വഖഫ് ബോര്‍ഡിലെ പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്ന് സമുദായത്തിലെ സമര്‍ത്ഥരായ യുവാക്കള്‍ക്ക് അവസരം നല്‍കണം. തുടങ്ങി വഖഫ് സ്ഥാപനങ്ങള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങളും ആവശ്യങ്ങളും സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് വഖഫ് സമ്മേളനത്തിന്റെ ഉദ്ദേശ്യം.
കോഴിക്കോട് സമസ്തസെന്റര് ഹാളില്‍ സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന ആസൂത്രണ സംഗമം വഖഫ് സമ്മേളനത്തിന് രൂപം നല്കി. കോഴിക്കോട്, മലപ്പുറം ഈസ്റ്റ്-വെസ്റ്റ് ജില്ലകളിലെ വിവിധ മേഖലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സംബന്ധിച്ച സംഗമത്തില്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.എം.എ റഹീം ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് സ്വാഗതവും സുലൈമാന്‍ സഖാഫി കുഞ്ഞുകുളം നന്ദിയും പറഞ്ഞു. കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര് കട്ടിപ്പാറ മുഖ്യപ്രഭാഷണം നടത്തി. ഇ. യഅ്ഖൂബ് ഫൈസി വിഷയമവതരിപ്പിച്ചു. എന്‍. അലി അബ്ദുല്ല, ടി.കെ അബ്ദുറഹ്മാന് ബാഖവി, അബൂബക്കര്‍ ശര്‍വാനി, അബ്ദുല്‍ റശീദ് സഖാഫി പത്തപ്പിരിയം, സുലൈമാന്‍ ഇന്ത്യനൂര്‍, കെ.എം അബ്ദുല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.