Published - Jul 27 , 2018 11:22 AM
കോഴിക്കോട്: അംഗീകാരം ലഭിച്ചിട്ടില്ലാത്ത സ്കൂളുകളുടെ അപേക്ഷകള്‍ പരിശോധിച്ച് നിയമം പാലിക്കുന്ന മുഴുവന്‍ സ്കൂളുകള്‍ക്കും അംഗീകാരം നല്‍കണമെന്ന് മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷന് കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത സ്കൂള്‍ അധികാരികളുടെ സംഗമം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അംഗീകാരം ലഭിക്കാത്ത സ്കൂളുകള്‍ അടച്ചുപൂട്ടുന്നതിന് സര്‍ക്കാര്‍ അതത് എ.ഇ.ഒ മുഖേന നോട്ടീസ് നല്കിക്കൊണ്ടിരിക്കുന്ന പശ്ചാതലത്തിലാണ് സ്കൂള്‍ അധികാരികളുടെ സംഗമം സംഘടിപ്പിച്ചത്.
അംഗീകാരത്തിന് അപേക്ഷ സമര്‍പ്പിച്ച സ്കൂളുകള്‍ വിദ്യാഭ്യാസ ചട്ട പ്രകാരം നടത്തിക്കൊണ്ടു പോകുന്നതിന് സഹായകരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. ഗവണ്മെന്റ് അനുമതിയിലും മേല്‍നോട്ടത്തിലും അംഗീകാരം നല്കി നിയന്ത്രിക്കുന്നതിന് പകരം അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കുന്നത് കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ അഭികാമ്യമല്ല. കേരളത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നല്കാന് പോന്ന ചുറ്റുപാടുകള്‍ ഗവണ്മെന്റ് സെക്ടറില്‍ സ്വന്തമായി ഇല്ലെന്നിരിക്കെ ബദല്‍ സംവിധാനത്തെ അംഗീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
സ്കൂള്‍ അടച്ചുപൂട്ടണമെന്നുള്ള സര്‍ക്കാര്‍ തീരുമാനത്തെ നിയമപരമായി നേരിടാന്‍, സംഗമം തീരുമാനിക്കുകയും, ആവശ്യമായ നടപടികള്‍ക്കും പരിപാടികള്‍ക്കും രൂപം നല്‍കുകയും ചെയ്തു. നിയമത്തിന്റെ വഴിയില്‍ സ്കൂളുകള്‍ സംരക്ഷിക്കുമെന്ന് സ്ഥാപന മേധാവികള്‍ പ്രതിജ്ഞയെടുത്തു.
കോഴിക്കോട്ട് നടന്ന പരിപാടി എം.എന്‍ സിദ്ധീഖ് ഹാജിയുടെ അധ്യക്ഷതയില്‍ പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ലാ വിദ്യാഭ്യാസ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അഡ്വ. രവീന്ദ്രന് കല്‍പ്പറ്റ വിഷയാവതരണം നടത്തി. എസ്.എം.എ സംസ്ഥാന സെക്രട്ടറി ഇ. യഅ്ഖൂബ് ഫൈസി സ്വാഗതവും ഐ.എ.എം.ഇ ഡയറക്ടര്‍ സി.പി. അശ്റഫ് നന്ദിയും പറഞ്ഞു. പ്രൊഫ. കോയട്ടി, വി.എം. കോയ മാസ്റ്റര്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, അബ്ദുറഹ്മാന് മാസ്റ്റര്‍ ഓമശ്ശേരി, കെ.ടി. അബ്ദുറഹ്മാന് പ്രസംഗിച്ചു.