Published - Mar 03 , 2018 11:44 AM
കോഴിക്കോട്: കേന്ദ്ര ഗവണ്മെന്റ് പാസാക്കിയ ജുവനൈല്‍ ജസ്റ്റിസ് ആക്ട് കേരളത്തിലെ മത ധര്‍മ്മ സ്ഥാപനങ്ങളില്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സാമൂഹിക നീതി വകുപ്പ് മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ റസിഡന്‍ഷ്യല്‍ സ്വഭാവമുള്ള സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ നിയമ സഹായവും ബോധനവും നല്‍കുന്നതിന് സംസ്ഥാനത്ത് 5 കേന്ദ്രങ്ങളില്‍ ബോധവത്കരണ ജാഗ്രതാ സദസ്സുകള്‍ സംഘടിപ്പിക്കാന്‍ സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
കുട്ടികളുടെ ആവശ്യങ്ങള്‍, രജിസ്ട്രേഷന് നിയമങ്ങള്‍, സ്റ്റാഫ് പാറ്റേണ്‍, കെട്ടിട സൗകര്യങ്ങള്‍, താമസ സൗകര്യങ്ങളുടെ മാനദണ്ഡം, ശുചീകരണം, ദിനചര്യ, പോഷകാഹാരം, ഭക്ഷണ സമയം, വൈദ്യ പരിചരണം, മാനസികാരോഗ്യം, വിദ്യാഭ്യാസം, വിനോദ സൗകര്യം, നിരോധിക്കപ്പെട്ടവയുടെ ജാഗ്രത, രജിസ്റ്ററുകളുടെ പരിപാലനം, ജുവനൈല്‍ ജസ്റ്റിസ് ഫണ്ട്, സര്‍ക്കാര്‍ കാര്യങ്ങള്‍ തുടങ്ങി അനവധി വിഷയങ്ങള്‍ ജുവനൈസ് ജസ്റ്റിസ് ആക്ടിലും നിലവിലുള്ള റൂള്‍സിലും വിശദീകരിക്കുന്നുണ്ട്. ഇതുപ്രകാരം 18 വയസ്സിന് താഴെയുള്ള കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന അനാഥ അഗതി മന്ദിരങ്ങളടക്കമുള്ള എല്ലാ മത-ധര്‍മ്മ സ്ഥാപനങ്ങളും ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
ആക്ടില്‍ വരുന്ന നമ്മുടെ സ്ഥാപനങ്ങളെ ബാധിക്കുന്ന കാര്യങ്ങളെ കുറിച്ച് പഠിക്കാനും രജിസ്ട്രേഷന് സംബന്ധമായ വിശദീകരണത്തിനും പരിഹാരം നിര്‍ദ്ദേശിക്കാനുമാണ് ജാഗ്രതാ സദസ്സുകള്‍ സംഘടിപ്പിക്കുന്നത്. പയ്യന്നൂര്‍ അല്‍ഫലാഹ് (കണ്ണൂര്‍, കാസര്‍കോട്), കോഴിക്കോട് സമസ്ത സെന്റര്‍ (കോഴിക്കോട്, വയനാട്), മലപ്പുറം വാദിസലാം (മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ്), അണക്കപ്പാറ മര്‍കസ് (പാലക്കാട്, തൃശൂര്‍), കായംകുളം മജ്ലിസ് (മറ്റു ജില്ലകള്‍) എന്നീ അഞ്ച് കേന്ദ്രങ്ങളില്‍ നടക്കുന്ന ജാഗ്രതാ സദസ്സുകളില്‍ അതാത് ജില്ലകളിലെ സ്ഥാപന സെക്രട്ടറി, മാനേജര്‍, ചീഫ് എക്കൗണ്ടന്റ് എന്നിവരാണ് പങ്കെടുക്കേണ്ടത്.
കേന്ദ്ര നിയമത്തില്‍ അനുശാസിക്കുന്ന അഡോപ്ഷന്‍, സ്റ്റാഫ് പാറ്റേണ്‍, കെട്ടിട സൗകര്യങ്ങള്‍ എന്നിവയിലെ നിയമങ്ങളില്‍ കേരളത്തിന്റെ ചുറ്റുപാടില്‍ നിന്നു കൊണ്ടുള്ള ലഘൂകരണം വരുത്തുകയും സ്ഥാപന അധികാരികളുടെ അഭിപ്രായം സ്വരൂപിക്കുകയും വേണമെന്ന് എസ്.എം.എ നേരത്തെ സര്‍ക്കാറിനോടാവശ്യപ്പെട്ടിരുന്നു. കേരളത്തിലെ സാഹചര്യത്തില്‍ റഗുലേഷന് ഉണ്ടാക്കി സ്ഥാപന മേധാവികളെ കൂടി ബോധ്യപ്പെടുത്തി സാവകാശം നല്‍കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഇതുസംബന്ധമായി മുഖ്യമന്ത്രിയെയും വകുപ്പു മന്ത്രി അടക്കമുള്ളവരെയും സന്ദര്‍ശിക്കാനും എസ്.എം.എ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
കോഴിക്കോട് സമസ്ത സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര് കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.എം.എ റഹീം ഉദ്ഘാടനം ചെയ്തു. ഇ. യഅ്ഖൂബ് ഫൈസി സ്വാഗതവും ഡോ. പി.എ. മുഹമ്മദ്കുഞ്ഞി സഖാഫി നന്ദിയും പറഞ്ഞു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി, പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ്, പി.കെ. അബ്ദുറഹ്മാന് മാസ്റ്റര്‍, അബൂബക്കര്‍ ശര്‍വാനി, പി.ടി.സി. മുഹമ്മദലി മാസ്റ്റര്‍, ചെറുവേരി മുഹമ്മദ് സഖാഫി, അഡ്വ. എം. മുഹമ്മദ് ശുഐബ്, സുലൈമാന്‍ കരിവെള്ളൂര്‍ (കാസര്‍കോട്), അബ്ദുറഹ്മാന് കല്ലായി (കണ്ണൂര്‍), എം.ഇ അബ്ദുല്‍ ഗഫൂര്‍ സഖാഫി (വയനാട്), എ.കെ.സി മുഹമ്മദ് ഫൈസി (കോഴിക്കോട്), സുലൈമാന്‍ ഇന്ത്യനൂര്‍ (മലപ്പുറം വെസ്റ്റ്), എം.എ അബ്ദുല്‍ ലത്തീഫ് മഖ്ദൂമി (മലപ്പുറം ഈസ്റ്റ്), പി.പി. മുഹമ്മദ് കുട്ടി മാസ്റ്റര്‍ (പാലക്കാട്), സൂര്യ ശംസുദ്ദീന്‍ (ആലപ്പുഴ), ഹാഫിള് സാദിഖ് മിസ്ബാഹി (പത്തനംതിട്ട), എ.കെ. മുഈനുദ്ദീന് (കൊല്ലം), എം.കെ മുഹ്യിദ്ദീന് കുട്ടി മുസ്ലിയാര് (തൃശൂര്‍), മഹ്മൂദ് മഖ്ദൂമി ബാംഗ്ലൂര്‍ സംബന്ധിച്ചു.