Published - Jan 11 , 2019 18:18 PM
കോഴിക്കോട്: പൗരാണിക മുസ്ലിം പാരമ്പര്യത്തില്‍ നിര്‍ത്തി പുതിയ കാലത്തേക്ക് മസ്ജിദുകളെയും മഹല്ല് സ്ഥാപനങ്ങളെയും നവീകരിച്ച് വഴി നടത്താന്‍ ലക്ഷ്യമിട്ട് 'മഹല്ല് ഉണരുന്നു' എന്ന പ്രമേയത്തില്‍ സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാനത്തെ 345 റീജ്യണല്‍ കേന്ദ്രങ്ങളില്‍ നടത്തുന്ന മസ്ജിദ് സമ്മേളനത്തിന്റെ ലോഗോ പ്രകാശനം അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് നിര്‍വഹിച്ചു. എസ്.എം.എ സംസ്ഥാന പ്രസിഡണ്ട് കെ.കെ അഹമ്മദ്കുട്ടി മുസ്ലിയാര് കട്ടിപ്പാറ, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ഇ. യഅ്ഖൂബ് ഫൈസി സംബന്ധിച്ചു. നരിക്കുനി സ്വദേശി കെ.എം ബഷീര്‍ മാസ്റ്ററാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.
വിദ്യാഭ്യാസം, തൊഴില്‍, സാംസ്കാരികം, നിയമം, ആരാധനാ സൗകര്യം, സാഹോദര്യം, സമത്വം, പരിസ്ഥിതി സൗഹൃദം, ബന്ധങ്ങള്‍, ജനങ്ങളുടെ സൗഖ്യം, കൂട്ടായ്മയുടെ മധുരം, മാനവികതയുടെ പാഠങ്ങള്‍ തുടങ്ങി നിരവധി ജീവസ്സുറ്റ വിഷയങ്ങളാണ് മസ്ജിദ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.