Published - Jun 17 , 2017 14:36 PM
പി.പി ഉസ്താദ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ സുന്നീ പ്രവര്‍ത്തകര്‍ ആവേശം കൊള്ളും. സ്വതസിദ്ധമായ നര്‍മബോധവും ഉപമകളും യുക്തി ഭദ്രതയും കൊണ്ട് എതിരാളികളുടെ ആശയപാപ്പരത്തങ്ങള്‍ തുറന്നുകാട്ടുന്ന പ്രസംഗകന്, സവിശേഷമായ ശൈലി കൊണ്ട് അക്ഷരസാന്നിദ്ധ്യമായി നിറഞ്ഞുനിന്ന എഴുത്തുകാരന്, ആശയപരമായി യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാവാത്ത വ്യക്തിപ്രഭാവം, ഭീക്ഷണികള്‍ക്കും പീഢനങ്ങള്ക്കുമിടയില് കേരളക്കരയില്‍ സുന്നി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിസ്തുല പങ്കുവഹിച്ച സംഘാടകന്‍, പണ്ഡിതന്, ഗ്രന്ഥകാരന് തുടങ്ങി പാറന്നൂര്‍ പി.പി. മുഹ്യിദ്ദീന് കുട്ടി മുസ്ലിയാര്‍ക്ക് വിശേഷണങ്ങള്‍ ഏറെയുണ്ട്.
സമകാലിക സംഭവ വികാസങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ അവബോധവും പരന്ന വായനയും ആ പ്രതിഭാ വിലാസത്തിന്റെ മാറ്റ് കൂട്ടി. സംഘാടന രംഗത്തുള്ള അദ്ദേഹത്തിന്റെ കഴിവും അസാധാരണമായ കഴിവും ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. മഹല്ലുകളും സ്ഥാപനങ്ങളും സാമൂഹിക മേഖലയും നയിക്കുന്ന വലിയൊരു ശതമാനം ആളുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ കിട്ടുന്നില്ലെന്ന് തിരിച്ചറിഞ്ഞ് അത്തരക്കാരുടെ കൂട്ടായ്മ എന്ന നിലയിലാണ് പി.പി ഉസ്താദിന്റെ നിരന്തരമായ ഇടപെടലിലൂടെ എസ്.എം.എക്കു രൂപം നല്‍കുന്നത്.
പാറന്നൂര്‍ പുല്ലില്‍ പുറായില്‍ അബ്ദുറഹ്മാന് കുട്ടി ഹാജിയുടെയും മറിയം ഹജ്ജുമ്മയുടെയും മകനായി 1947 ജൂലൈ ഒന്നിനാണ് പി.പി. ഉസ്താദ് ജനിച്ചത്. 1961ല്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി. മങ്ങാട്, പാറന്നൂര്‍, താമരശ്ശേരി എന്നിവിടങ്ങളില്‍ ദര്‍സ് പഠനത്തിന് ശേഷം പട്ടിക്കാട് ജാമിഅയില്‍ നിന്ന് 1971ല്‍ ഫൈസി ബിരുദം നേടി.
പെരിന്തല്‍മണ്ണ മമ്മുട്ടി മുസ്ലിയാര്, പി.പി ഇബ്രാഹിം കുട്ടി മുസ്ലിയാര്, പാണ്ടിക്കാട് മുഹമ്മദ് കുട്ടി മുസ്ലിയാര്, ഇ.കെ അബൂബക്കര്‍ മുസ്ലിയാര്, കെ.സി ജമാലുദ്ധീന് മുസ്ലിയാര്, അബൂബക്കര്‍ ഹസ്റത്ത് എന്നിവര്‍ പ്രധാന ഗുരുനാഥന്മാരാണ്. ഉണ്ണിക്കുളത്തിനടുത്തുള്ള വീര്യമ്പ്രത്ത് മുദരിസായി ഔദ്യാഗിക ജീവിതം ആരംഭിച്ചു. 1975-76 ല്‍ ഗവണ്മെന്റ് സ്കൂളില്‍ ഉറുദു അധ്യാപകനായി സേവനം ചെയ്തു. 1979ല്‍ ചേരൂരിലും അതിനുശേഷം മെരുമ്പാവൂരിലും മുദരിസായി.
1981 ഏപ്രിലില്‍ കാരന്തൂര്‍ മര്‍കസില്‍ പ്രഥമ മുദരിസായി ചേര്‍ന്നു. 1980ല്‍ എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറിയും 2001ല്‍ സ്റ്റേറ്റ് ഉപാധ്യക്ഷനുമായി. സിറാജ് ദിനപത്രം പബ്ലിഷര്‍, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വൈസ് പ്രസിഡന്റ്, എസ്.വൈ.എസ് സുപ്രിം കൗണ്‍സില്‍ അഗം, സുന്നി മാനേജ്മെന്റ് അസോസിയേഷന് സ്ഥാപക പ്രസിഡന്റ്, 2006മുതല്‍ 2012വരെ സംസ്ഥാന ജനറല്‍ സെക്രട്ടറി, 2011 ഏപ്രിലില്‍ സമസ്ത മുശാവറ അംഗം.
ഇങ്ങനെ നിരവധി സ്ഥാനങ്ങള്‍ അലങ്കരിച്ചു. പാറന്നൂര്‍ കെ.മൊയ്തീന് കുട്ടിയുടെ മകള്‍ ഫാത്വിമ ഹജ്ജുമ്മയാണ് ഭാര്യ. ഏഴു മക്കളാണ് ഉസ്താദിനുള്ളത്. ആറ് പെണ്ണും ഒരു ആണും. മറിയക്കുട്ടി, ആസ്യ, ഹാജറ, റഹ്മത്ത്, നുസൈബ, സമീറ, ഫസലുറഹ്മാന്. മരുമക്കള്‍: മുഹമ്മദ്, പി.കെ.സി മുഹമ്മദ് സഖാഫി, കല്‍തറ അബ്ദുല്‍ഖാദര്‍ ദാരിമി, അണ്ടോണ അബ്ദുല്‍ഹയ്യ്, സലീം മടവൂര്‍. 2012 മെയ് 14 വെള്ളി രാത്രി 9 മണിക്ക് (ഹിജ്റ 1434 ജമാദുല്‍ ആഖിര്‍ 12) ന് പി.പി. ഉസ്താദ് വഫാതായി.