ഇ-മഹല് ലേഖനം

മഹല്ല്‌, മദ്‌റസ സാമൂഹിക ക്രമം പുനരാവിഷ്‌കരിക്കപ്പെടുന്നു


Published - Jun 17 , 2017 15:13 PMടിസ്ഥാന മതവിജ്ഞാനങ്ങള്‍ നേടാനുള്ള പാഠശാലകളായ മദ്‌റസകളിലൂടെയാണ്‌ മിക്കയാളുകളും അറബി അക്ഷരമാലയും വിശുദ്ധ ഖുര്‍ആന്‍ പാരായണവും വിശ്വാസ കര്‍മ്മ കാര്യങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും അഭ്യസിച്ചു പോന്നത്‌. ഒരു കാലത്ത്‌ മതപഠന ശാലകളില്‍ നിന്നും സ്‌കൂള്‍ പഠനം നടത്തിപ്പോന്നപ്പോള്‍ ഇന്ന്‌ സ്‌കൂളുകളില്‍ വെച്ച്‌ മതപഠനത്തിന്‌ അവസരം ഒരുക്കുന്നിടത്തേക്ക്‌ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. സ്‌കൂള്‍ പഠിക്കാന്‍ കുട്ടികളെ കിട്ടണമെങ്കില്‍ മതപാഠശാലകള്‍ ഓത്തുപള്ളികള്‍ പ്രാപിക്കണമായിരുന്നു. 
1951 ല്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മദ്‌റസാ പ്രസ്ഥാനം ഇന്ന്‌ കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും വളര്‍ന്ന്‌ പന്തലിച്ച്‌ അതിവിപുലമായ മതപഠന സംവിധാനങ്ങളായി മാറിയിട്ടുണ്ട്‌. മുസ്‌ലിം രാജ്യങ്ങളില്‍ പോലും കാണാന്‍ കഴിയാത്ത കേന്ദ്രീകൃതവും ശാസ്‌ത്രീയവുമായ പഠന സമ്പ്രദായമാണ്‌ കേരളത്തിലുള്ളത്‌.
കുരുന്നു ഹൃദയങ്ങളില്‍ സദാചാര മൂല്യങ്ങള്‍ നട്ടുപിടിപ്പിച്ചുകൊണ്ട്‌ ഒരു നല്ല സമൂഹത്തെ വാര്‍ത്തെടുക്കുകയാണ്‌ മദ്‌റസകള്‍. സമൂഹത്തില്‍ കുറ്റകൃത്യങ്ങളും മതവിരുദ്ധമായ ജീവിതരീതിയും വളര്‍ന്നു വരുന്നുണ്ടെങ്കിലും നമ്മുടെ മതപഠനവും സംസ്‌കരണ സംവിധാനങ്ങളും ഫലമായി വലിയൊരു സമൂഹത്തെ തിന്മകളില്‍ നിന്നു തടഞ്ഞുനിര്‍ത്താന്‍ സാധിക്കുന്നുണ്ട്‌.

മദ്‌റസാ സംവിധാനം ലക്ഷ്യം നിര്‍ണയിച്ച്‌ നിലനിര്‍ത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്‌. മതവിദ്യയുടെ ജീവനാഡിയായ ഉസ്‌താദുമാരെ മതം പഠിപ്പിക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയെന്നതാണതില്‍ പ്രധാനം. എസ്‌.എം.എ സംസ്ഥാന ക്ഷേമ ബോര്‍ഡിന്റെ പെന്‍ഷന്‍ പദ്ധതി ഇത്തരുണത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ്‌. നമ്മുടെ പിഞ്ചോമനകള്‍ക്ക്‌ അക്ഷരവും അറിവും വിശ്വാസവും കോരിക്കൊടുത്ത ഉസ്‌താദുമാര്‍ക്ക്‌ ജനങ്ങള്‍ നല്‍കുന്ന ആശ്വാസധനമാണ്‌ എസ്‌.എം.എയുടെ സ്ഥിരം ക്ഷേമ പെന്‍ഷന്‍.

ഇത്‌ മദ്‌റസാധ്യാപകര്‍ക്ക്‌ മാത്രമൊതുക്കാതെ മസ്‌ജിദ്‌ ഇമാം, ഖത്വീബ്‌, മുഅദ്ദിന്‍, മുദരിസ്‌ എന്നിവര്‍ക്കുകൂടി വിപുലീകരിച്ചു. മസ്‌ജിദ്‌ ജീവനക്കാരായ ഉസ്‌താദുമാര്‍ക്കും ദഅ്‌വാ-ശരീഅത്‌ കോളജ്‌ മുദരിസുമാര്‍ക്കും സര്‍വ്വീസ്‌രജിസ്റ്റര്‍ സംവിധാനിച്ചു കൊണ്ട്‌ ക്ഷേമനിധിയും വിവിധ ധനസഹായങ്ങളും ആവിഷ്‌കരിച്ചു. മദ്‌റസകള്‍ നിര്‍മ്മിക്കാനും പുനര്‍നിര്‍മ്മിക്കാനും, ഫര്‍ണിച്ചറില്ലാതെ പ്രയാസപ്പെടുന്ന മദ്‌റസകള്‍ക്ക്‌ ഫര്‍ണിച്ചര്‍ വാങ്ങുന്നതിനും എസ്‌.എം.എ ധനസഹായം അനുവദിക്കുന്നു. അറിവുകളുടെയും അനുഭവങ്ങളുടെയും സൗകര്യങ്ങളുടെയും അനന്തസാധ്യതകള്‍ തുറന്നിട്ടിരിക്കുന്ന പുതിയ ലോകത്ത്‌ ഉചിതമായ പഠനാന്തരീക്ഷവും നിലവാരവും കാത്തുസൂക്ഷിക്കാനാവശ്യമായ പരിശോധനയും പരിശീലനവും ഉള്‍പ്പെടുത്തിക്കൊണ്ട്‌ എസ്‌.എം.എ നടപ്പിലാക്കുന്ന സമ്പൂര്‍ണ മദ്‌റസാ ഗ്രേഡിംഗ്‌ പദ്ധതി വിദ്യാഭ്യാസ രംഗത്ത്‌ പുതിയ ഉണര്‍വ്‌ സൃഷ്‌ടിക്കും.
മുസ്‌ലിംകളുടെ സാമൂഹ്യ ബാധ്യതകള്‍ നിര്‍വ്വഹിക്കാനുള്ള സംവിധാനവും ഇസ്‌ലാമിക സാമൂഹിക ഘടനയില്‍ അടിസ്ഥാന ഘടകവുമായ മുസ്‌ലിം മഹല്ല്‌ ജമാഅത്തിന്റെ കീഴില്‍ ജുമുഅ ജമാഅത്തുകള്‍ നിലനിര്‍ത്തല്‍, ഇസ്‌ലാമിക നിയമ-നീതി നിര്‍വ്വഹണം, നന്മയുടെ പ്രചാരണം, തിന്മയുടെ വിപാടനം, മയ്യിത്ത്‌ പരിപാലനം, അഗതി-അനാഥ സംരക്ഷണം, സ്ഥാപന സംരക്ഷണം, മസ്‌ലഹത്ത്‌ പ്രവര്‍ത്തനം, വിദ്യാഭ്യാസ-സാമ്പത്തിക-തൊഴില്‍പരമായ പ്രവര്‍ത്തനം തുടങ്ങിയവയില്‍ മാതൃകാപരമായ നേതൃത്വം വഹിക്കാന്‍ വേണ്ടി മഹല്ലു കമ്മിറ്റികള്‍ക്ക്‌ സമഗ്രമായ പരിശീലനവും ഗ്രാന്റും സമയോചിതമായി നല്‍കുകയാണ്‌ എസ്‌.എം.എ.

ജനപങ്കാളിത്തത്തോടെ നടത്തുന്ന മഹല്ല്‌ ജമാഅത്ത്‌ പ്രവര്‍ത്തനവും കൈകാര്യങ്ങളും സുതാര്യമാകണമെന്ന നിര്‍ബന്ധ ബുദ്ധിയോടെ കേരളത്തിലെ എല്ലാ മുസ്‌ലിം മഹല്ലുകളെയും കമ്പ്യൂട്ടര്‍വത്‌കരിച്ച്‌ ഒരു നെറ്റ്‌വര്‍ക്കിനു കീഴില്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്‌. ഭരണസംവിധാനങ്ങളും ആശയവിനിമയവും ഏകോപിപ്പിക്കുന്ന അതിനൂതന പദ്ധതിയായ ഇ മഹല്ല്‌ ഇന്ത്യയില്‍ ആദ്യമായാണ്‌ ഒരു മതസംഘടന നടപ്പാക്കുന്നത്‌.

മഹല്ല്‌ ജമാഅത്തുകള്‍ ഉപയോഗിക്കുന്ന രേഖകളും റിക്കാര്‍ഡുകളും ഏകീകരിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ നികാഹ്‌ രജിസ്റ്റര്‍, എക്കൗണ്ട്‌ ബുക്ക്‌ തുടങ്ങിയവ മഹല്ലുകള്‍ക്കും മദ്‌റസകള്‍ക്കും സൗജന്യമായി നല്‍കിക്കഴിഞ്ഞു. മഹല്ല്‌ അംഗത്വഫോറം, സര്‍വ്വേ ഫോറം, വിവാഹ സര്‍ട്ടിഫിക്കറ്റ്‌, വിവാഹാന്വേഷണ ഫോറം തുടങ്ങിയ ഫോറങ്ങളും മറ്റു അപേക്ഷകളുടെയും രേഖകളുടെയും ഏകീകരിപ്പിച്ച മാതൃകകളും മഹല്ലുകള്‍ക്ക്‌ നല്‍കിക്കഴിഞ്ഞു.

മഹല്ല്‌ മസ്‌ജിദുകളിലും മദ്‌റസകളിലും ആവശ്യമുള്ള ജീവനക്കാരെ നല്‍കുകയും; ജോലി ആവശ്യമുള്ള ഉസ്‌താദുമാര്‍ക്ക്‌ അനുയോജ്യമായ അവസരങ്ങള്‍ അറിയിച്ചു കൊടുക്കുകയും ചെയ്യുന്ന സംവിധാനം സജീവമായി സംസ്ഥാന ഓഫീസ്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ വഖഫ്‌ ബോര്‍ഡ്‌, സൊസൈറ്റീസ്‌ രജിസ്‌ട്രേഷന്‍, ബാല നീതി വകുപ്പ്‌ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മഹല്ലുകളെയും സ്ഥാപനങ്ങളെയും അറിയിച്ച്‌ തുടര്‍ നടപടിക്രമങ്ങള്‍ ഏറ്റെടുത്ത്‌ ചെയ്‌തുകൊടുക്കുന്നു. 
ഇന്ത്യന്‍ ഭരണഘടന പ്രകാരം ന്യൂനപക്ഷങ്ങള്‍ക്കു ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധവത്‌കരിക്കുകയും അധികാരികളുടെ മുമ്പില്‍ വിഷയങ്ങള്‍ അവതരിപ്പിച്ച്‌ അര്‍ഹതപ്പെട്ടത്‌ സമുദായത്തിന്‌ നേടിക്കൊടുക്കാനും ശ്രമങ്ങള്‍ നടത്തുന്നു. സര്‍ക്കാര്‍ സഹായങ്ങളും അറിയിപ്പുകളും ന്യൂനപക്ഷങ്ങളെ അറിയിക്കാനും നേടിക്കൊടുക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇതിനുവേണ്ടി സ്റ്റേറ്റ്‌-ജില്ലാ തലങ്ങളില്‍ മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷന്‍ കമ്മിറ്റികള്‍ എസ്‌.എം.എയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.
മനുഷ്യകുടുംബത്തിന്റെ ആരംഭം, വിവാഹം, ജീവിതത്തുടക്കം, കൂട്ടുജീവിതം, കുടുംബ നേതൃത്വം, പരസ്‌പരസ്‌നേഹം, സമത്വം, പുതിയ ലോകത്തെ കുടുംബാവസ്ഥ ഇങ്ങനെ സന്തുഷ്‌ട കുടുംബമാകാന്‍ ആവശ്യമായ കാര്യങ്ങളെക്കുറിച്ച്‌ മഹല്ലുവാസികള്‍ക്ക്‌ നൂതന സാങ്കേതിക മാര്‍ഗങ്ങളുപയോഗിച്ച്‌ ബോധവത്‌കരണം നടത്തുന്ന പരിപാടിയാണ്‌ ഹാപ്പി ഫാമിലി പ്രോഗ്രാം. മഹല്ലുകളില്‍ വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന ഈ പ്രോഗ്രാമിനു വേണ്ടി സയ്യിദ്‌ ഇബ്രാഹീം ഖലീല്‍ തങ്ങളുടെ `കുടുംബസന്ദേശം', ദൃശ്യാവിഷ്‌കാരം, നമ്മുടെ കുടുംബം-സമൂഹം തുടങ്ങിയ സീഡികള്‍ പ്രസിദ്ധീകരിച്ച്‌ വിതരണം ആരംഭിച്ചു.

സ്രഷ്‌ടാവായ അല്ലാഹു വിശേഷ ബുദ്ധി കൊണ്ട്‌ ആദരിച്ച മനുഷ്യന്റെ അന്വേഷണ ത്വരയും കൂട്ടായ്‌മയും പ്രയത്‌നവും ഇന്ന്‌ സൈബര്‍ യുഗത്തില്‍ ലോകത്തെ എത്തിച്ചിരിക്കുകയാണല്ലോ. ചിന്തിക്കുന്ന മനുഷ്യര്‍ക്ക്‌ ധിഷണാപരമായ ഉപദേശം നല്‍കി അവരെ സ്രഷ്‌ടാവിന്റെ സ്‌മരണയിലും ഇലാഹീ നിയമങ്ങളുടെ അനുസരണയിലും നിലനിര്‍ത്താനുതകുന്ന ഫജ്‌ര്‍ ക്ലാസുകള്‍ മഹല്ലുകളില്‍ ക്രമീകരിച്ചിരിക്കുന്നു. കുറ്റകൃത്യങ്ങളിലകപ്പെട്ടവരെ നേര്‍വഴിക്കു കൊണ്ടുവരുന്നതിനും തിന്മകള്‍ പുറത്തറിയുന്നതിന്‌ മുമ്പ്‌ തന്നെ അവയുടെ ഉറവിടവും സാഹചര്യവും കണ്ടെത്തി അരുതായ്‌മകളെ തടയിടുകയെന്ന സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനും ജാഗ്രതാ സ്‌ക്വാഡ്‌ മഹല്ല്‌ സ്ഥാപന പരിധിയില്‍ രൂപീകരിച്ച്‌ നേതൃത്വം നല്‍കുന്നു.
ആശയബോധനത്തിന്റെ പ്രാധാന്യം അധ്യാപകരെയും രക്ഷിതാക്കളെയും ഓര്‍മ്മപ്പെടുത്തുവാനും വിദ്യാര്‍ത്ഥികളെ അതിന്‌ സജ്ജരാക്കാനും ഉദ്ദേശിച്ച്‌ കൊണ്ട്‌, മദ്‌റസകളിലെ പഠന നിലവാരം ഉയര്‍ത്തുന്നതിനുവേണ്ടി നടപ്പിലാക്കുന്ന പദ്ധതികയാണ്‌ സ്‌മാര്‍ട്ട്‌ സ്‌കോളര്‍ഷിപ്പ്‌ പരീക്ഷ. കെ.ജി. മുതല്‍ പ്രൊഫഷണല്‍ തലം വരെ വിദ്യാര്‍ത്ഥികള്‍ ഇന്ന്‌ നിരവധി മത്സരപ്പരീക്ഷകളെ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്‌. അത്തരം പരീക്ഷകളില്‍ നിന്നും മുസ്‌ലിം സമൂഹം അകന്നുനില്‍ക്കുന്നത്‌, സമുദായത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്‌ തടസ്സമാകും. കൂടാതെ ആനന്ദകരമായ പഠനങ്ങള്‍ മദ്‌റസകളില്‍ നടത്തേണ്ടതുണ്ട്‌. ഇതിനെല്ലാം പരിഹാരമാകും വിധം പ്രവേശന പരീക്ഷകളുടെ മാതൃകയിലാണ്‌ സ്‌മാര്‍ട്ട്‌ സ്‌കോളര്‍ഷിപ്പ്‌ പരീക്ഷ സംവിധാനം ചെയ്‌തിട്ടുള്ളത്‌.


ഹോമിലേക്ക് തിരികെ