Published - Dec 19 , 2017 11:41 AM
അഞ്ചര പതിറ്റാണ്ടിനിടയില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി അന്യാധീനപ്പെടലും ലക്ഷങ്ങളുടെ അഴിമതികളും രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നിരവധി പിന്‍വാതില്‍ ഉദ്യോഗസ്ഥ നിയമനങ്ങളുമാണ് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളത്.
കെ.എം സലീം പത്തനാപുരം
വഖഫുകള്‍ ഏതെല്ലാം വിധത്തിലാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിനെ സംബന്ധിച്ച് പ്രവാചകന് തന്നെ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ രാജ്യത്തെ ഭരണകൂടങ്ങള്‍ പ്രത്യേഗിച്ചൊരു നിയമം കൊണ്ട് വന്നില്ലായിരുന്നുവെങ്കില്‍ പോലും മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വഖഫുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രവാചകന്റെ ഉപദേശ നിര്‍ദേശങ്ങള്‍ തന്നെ ധാരളമാണ്.
രാജ്യത്ത് മുസ്ലിംകള്‍ക്കിടയിലെ പൊതുമുതല്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയമ സംവിധാനമെന്ന നിലയില്‍ രൂപികൃതമായിട്ടുള്ള സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുന്നത് തടയുന്നതിനും അധ്യാധീനപ്പെട്ടവ വീണ്ടെടുത്തു സംരക്ഷിക്കുന്നതിനും വാഖിഫിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുന്നതിനും പാര്‍ലിമെന്റ് അംഗീകരിച്ച 1954ലെ 29ാം നമ്പര്‍ വഖ്ഫ് ആക്ട് പ്രകാരമാണ് വിവിധ സംസ്ഥാനങ്ങളില്‍ വഖ്ഫ് ബോര്‍ഡുകള്‍ നിലവില്‍ വരുന്നത്. അതിന് മുമ്പ് 1950ല്‍ ഭരണഘടനയില്‍ വഖ്ഫുകളെ കണ്‍കറന്റ് ലിസ്റ്റിലായിരുന്നു പെടുത്തിയിരുന്നത്. അതിനാല്‍ വഖ്ഫ് സംബന്ധിച്ച നിയമനിര്‍മാണത്തിനുള്ള അധികാരം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളില്‍ നിക്ഷിപ്തമായി.
വഖ്ഫ് നിയമം 1954ല്‍ പ്രാബല്യത്തില്‍ വന്നു. ഇതിനു ശേഷം 1984ല്‍ ഭേദഗതി അവതരിപ്പിച്ചെങ്കിലും പാര്‍ലിമെന്റിലെ മുസ്ലിം അംഗങ്ങളുടെ എതിര്‍പ്പ് മൂലം രണ്ട് വകുപ്പുകള്‍ ഒഴികെ മറ്റെല്ലാം തള്ളപ്പെട്ടു. തുടര്‍ന്ന് 1954ലെ 29ാം നമ്പര്‍ ആക്ട് സമഗ്രമായി ഭേദഗതി ചെയ്ത് അംഗീകരിച്ചതാണ് 1995ലെ വഖ്ഫ് ആക്ട്. 1996 ജനുവരി ഒന്ന് മുതല്‍ ഈ നിയമം പ്രാബല്ല്യത്തില്‍ വന്നു.
1960ലാണ് കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് നിലവില്‍ വന്നത്. ആദ്യം എറണാകുളത്തും പിന്നീട് 1985ല്‍ കോഴിക്കോടും തുടര്‍ന്ന് മഞ്ചേരി, കണ്ണൂര്‍ എന്നിവിടങ്ങളിലും ഡിവിഷണല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ബോര്‍ഡിന്റെ അനുമതി കൂടാതെ വഖ്ഫ് സ്വത്തുക്കള്‍ തീറായോ ദാനമായോ പണമായോ കൈമാറാന്‍ മുതവല്ലിമാര്‍ക്ക് അധികാരമില്ല. എന്നാല്‍ 2013ന് മുമ്പ് ചില പ്രത്യേക സാഹചര്യങ്ങളില്‍ ഗുണകരമെന്ന് ബോധ്യപ്പെട്ടാല്‍ അങ്ങനെ കൈമാറുന്നതിന് വ്യവസ്ഥ ഉണ്ടായിരുന്നു. 2013ല്‍ പാര്‍ലിമെന്റ് പാസ്സാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പിട്ടതോടെ ആ കൈമാറ്റങ്ങള്‍ നിയമവിരുദ്ധമായി.
വഖ്ഫുകളുടെ കണക്കുകളും രേഖകളും പരിശോധിക്കുകയും ശരിയായ നടത്തിപ്പിനും നിലനില്‍പ്പിനും ആവശ്യമായ പ്രവൃത്തികള്‍ നീതിപൂര്‍വവും നിഷ്പക്ഷവുമായി നിര്‍വഹിക്കുകയും ചെയ്യുക എന്നതാണ് വഖ്ഫ് ബോര്‍ഡുകളുടെ ലക്ഷ്യം. കേരളത്തില്‍ അഞ്ചര പതിറ്റാണ്ടിനിടയില്‍ വിവിധ രാഷ്ടീയ മുന്നണികള്‍ അധികാരത്തിലിരുന്നിട്ടുണ്ടെങ്കിലും ഇക്കാലങ്ങളിലെല്ലാം വഖഫ് ബോര്‍ഡിന്റെ കാര്യകര്‍ത്താക്കളായി പ്രവര്‍ത്തിച്ചിട്ടുള്ളത് മുസ്ലിം ലീഗ് പാര്‍ട്ടിയുടെ താത്പര്യ സംരക്ഷകരായിരുന്നു. അക്കാരണത്താല്‍ തന്നെ വഖഫ് സ്വത്തുക്കള്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസൃതമായി കൈകാര്യം ചെയ്യാനാണ് ഉദ്യോഗസ്ഥര്‍ താത്പര്യപ്പെട്ടതെന്ന ആക്ഷേപം ഉ/രുകയും ചെയ്തു.
മത വിശ്വാസികളാല്‍ ഭരണ നിര്‍വഹണവും ധനവിനിയോഗവും നടന്നിരുന്നുവെങ്കില്‍ വഖഫ് ബോര്‍ഡിന്റെ അധികാര പരിധിയില്‍ പെട്ട സ്വത്തുക്കള്‍ അന്യാധീനമാകുമായിരുന്നില്ല എന്നിരിക്കെ നിലവില്‍ കോടികള്‍ വില വരുന്ന വഖഫ് ഭൂമികളാണ് നഷ്ടമായിട്ടുള്ളത്. ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികാരത്തിലിരുന്ന ഏറെക്കുറെ മിക്ക വഖഫ് ബോര്‍ഡ് ഭരണാധികാരികള്‍ക്കും സാധിച്ചില്ല. ഇതിന്റെ കാരണം വഖഫ് സ്വത്തുക്കള്‍ അപഹരിച്ചവര്ക്കെതിരെയുള്ള ഏതൊരു ശിക്ഷാ നടപടിയും രാഷ്ട്രീയതാത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ഭയമായിരുന്നു. അഞ്ചര പതിറ്റാണ്ടിനിടയില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി അന്യാധീനപ്പെടലും ലക്ഷങ്ങളുടെ അഴിമതികളും രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നിരവധി പിന്‍വാതില്‍ ഉദ്യോഗസ്ഥ നിയമനങ്ങളുമാണ് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളത്.
വഖഫ് വസ്തുവില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സ്വത്ത് സംരക്ഷിക്കുകയാണ് വഖഫിന്റെ പ്രധാന ചുമതല. സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുടെ വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക പരാധീനത, യത്തീം സംരക്ഷണം, ദര്‍സ് നടത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കു ഉപയോഗിക്കാം എന്നായിരിക്കാം വഖഫ് ചെയ്ത ആധാരങ്ങളിലെ നിര്‍ദേശങ്ങള്‍. ഇവ യഥാവിധി ചെയ്യുന്നതോടൊപ്പം സമുദായത്തിന്റെ ഉന്നമനവും വഖഫ് ബോര്‍ഡിന്റെ ചുമതലയാണ്. വഖഫ് സ്വത്തുക്കള്‍ വില്ക്കാന് ബോര്‍ഡിന് അധികാരമില്ല. അവ സംരക്ഷിക്കാനാണ് ബോര്‍ഡ്. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ വഖഫ് സ്വത്തുക്കള്‍ വില്ക്കുകയാണെങ്കില് അതിന് തുല്യമായ പണത്തിന് സ്വത്തുക്കള്‍ വാങ്ങി അവ സംരക്ഷിക്കേണ്ടതും വഖഫിന്റെ ബാധ്യതയാണ്. വഖഫ് ബോര്‍ഡില്‍ നിലവിലുള്ള സ്റ്റാഫുകളില്‍ ഭൂരിപക്ഷവും രാഷ്ട്രീയ നോമിനികളായി ബോര്‍ഡില്‍ എത്തിയവരാണ്. സമുദായ പാര്‍ട്ടി പറയുന്നതാണ് മാനദണ്ഡം. ദൈവത്തിന് സമര്‍പ്പിതമായ സ്വത്തുക്കളുടെ നടത്തിപ്പിന് രാഷ്ട്രീയാതീതമായ സംരംഭമായാണ് വിഭാവനം ചെയ്യപ്പെട്ടതെങ്കിലും ഇപ്പോള്‍ രാഷ്ട്രീയ കൈപ്പിടിയിലാണ് വഖഫിന്റെ കടിഞ്ഞാണ്‍. അവരുടെ താത്പര്യങ്ങളാണ് നടത്തുന്നത്. അവരുടെ സ്പോണ്സര്ഷിപ്പിലാണ് ബോര്‍ഡില്‍ കാര്യങ്ങള്‍ നടക്കുന്നത്. വഖഫ് വസ്തു വില്‍പ്പന നടത്തി ലഭിക്കുന്ന തുക അതാത് മുത്തവല്ലിമാരുടേയും ബോര്‍ഡ് ചെയര്‍മാന്റെയും സംയുക്ത അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നതാണ് നിയമം. എന്നാല്‍ ഇപ്രകാരം ലഭ്യമായ വലിയൊരു തുക കേരള ഗ്രാമീണ്‍ ബാങ്കില്‍ സ്ഥിര നിക്ഷേപമായി ഇട്ടതില്‍ ചിലര്‍ക്ക് സ്വകാര്യ താത്പര്യമുണ്ടായിരുന്നു. അതു പോലെതന്നെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് പെന്‍ഷനും ചികിത്സാ സഹായവും നല്കുന്ന സര്‍ക്കാര്‍ ഗ്രാന്റായി ലഭിച്ച രണ്ട് കോടി രൂപ പൊതുമേഖലാ ബാങ്കില്‍ നിന്ന് പിന്‍വലിച്ച് പാലാരിവട്ടത്തുള്ള സ്വകാര്യ ബാങ്കില്‍ നിക്ഷേപിക്കാനും മുന്‍ കൈയെടുത്തത് ഇത്തരക്കാരാണ്. ഇതില്‍ നിന്ന് കമ്മീഷനായി കിട്ടുന്ന പണത്തില്‍ നിന്ന് ഒരു പങ്ക് പല ഉന്നതര്‍ക്കും ലഭിക്കുന്നുണ്ടത്രേ. 25,000 രൂപയിലധികം വരുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് പത്രപരസ്യം നടത്തി ടെന്‍ഡര്‍ വിളിക്കണമെന്നാണ് ബോര്‍ഡ് നിയമം. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത.
ഗവണ്മെന്റിനു കീഴിലുള്ള ഒരു സ്വതന്ത്ര സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. എല്ലാക്കാലത്തും അതത് സര്‍ക്കാറുകള്‍ വഖഫിന് വന്‍തുക ഗ്രാന്റ് നല്‍കാറുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റയുടനെ രണ്ട് കോടി രൂപയാണ് വഖഫിന് അനുവദിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്തും കോടികളുടെ ഗ്രാന്റ് അനുവദിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഗവണ്മെന്റില് നിന്നും ലഭിക്കുന്ന കോടികളുടെ ഗ്രാന്റുകള്‍ എന്ത് ചെയ്യുന്നു എന്നതിനെ സംബന്ധിച്ച് വിശ്വാസികള്‍ക്ക് യാതൊരു അറിവും ഇല്ല. ഗവണ്മെന്റ് ഗ്രാന്റ്, സോഷ്യല്‍ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നുള്ള ഗ്രാന്റ്, തര്‍ക്കമുള്ള വഖഫ് സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം എന്നിവ വഖഫ് ബോര്‍ഡിലേക്കാണ് എത്തുന്നത്. കൂടാതെ രജിസ്റ്റര്‍ ചെയ്ത 9000 വരുന്ന മഹല്ലുകള്‍ ഒരു വര്‍ഷത്തെ മൊത്തം വരുമാനത്തിന്റെ ഏഴ് ശതമാനം വഖഫ് ബോര്‍ഡിന് നല്‍കണം. ഇതില്‍ മാസം ലക്ഷങ്ങള്‍ വരുമാനമുള്ള മഹല്ലുകള്‍ മുതല്‍ പതിനായിരങ്ങള്‍ വരുമാനമുള്ള മഹല്ലുകളുമുണ്ട്. വരുമാനമെത്രയായാലും അതിന്റെ ഏഴ് ശതമാനം വഖഫ് ബോര്‍ഡിന് നല്‍കിയിരിക്കണം. മഹല്ലില്‍ നിന്നുള്ള വരുമാനം കുറഞ്ഞാല്‍ വഖഫ് ബോര്‍ഡിന് അത് അന്വേഷിക്കാനും ഓഡിറ്റ് നടത്തി കൂടുതല്‍ വരുമാനം കണ്ടെത്തിയാല്‍ പിഴ ഈടാക്കാനും അധികാരമുണ്ട്. കൂടാതെ വഖഫ് സ്വത്തുക്കളില്‍ നിന്നുള്ള വരുമാനവും ബോര്‍ഡിനാണ്. ഇങ്ങനെ ലഭിക്കുന്ന ലക്ഷം കോടികള്‍ സമുദായത്തിലെ പിന്നാക്കാവസ്ഥയിലുള്ള മഹല്ലുകളുടെയും വ്യക്തികളുടെയും ഉന്നമനത്തിനായി ഉപയോഗിക്കണം.
സമുദായാംഗങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, പെണ്‍കുട്ടികളുടെ വിവാഹം എന്നിവക്ക് സാമ്പത്തിക സഹായം നല്കാന് വഖഫിന് അധികാരമുണ്ട്. എന്നാല്‍ കുട്ടിയെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ വിദ്യാഭ്യാസ സാമ്പത്തിക സഹായത്തിന് അപേക്ഷിച്ചവര്‍ക്ക് കുട്ടിയുടെ പഠന ശേഷവും, വിവാഹാവശ്യത്തിനുള്ള 5000 രൂപക്ക് അപേക്ഷിച്ചവര്‍ക്ക് കുട്ടി ജനിച്ച് ആ കുട്ടി സ്കൂളില്‍ പോയി തുടങ്ങുമ്പോഴും മാത്രമാണ് തുക അനുവദിച്ചു കിട്ടുന്നത്. വിശ്വാസികള്‍ ദൈവത്തിന് സമര്‍പ്പിച്ച സ്വത്ത് സംരക്ഷിക്കുന്ന, ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരാണ് ഇത് ചെയ്യുന്നത്. ഇവിടെയാണ് വഖഫ് ബോര്‍ഡിനെ വിശ്വാസികള്‍ ചോദ്യം ചെയ്യുന്നത്. ലക്ഷം കോടികളുടെ വരുമാനമാണ് ബോര്‍ഡിന് ലഭിക്കുന്നത്. തര്ക്കവസ്തുക്കളിലെ തര്‍ക്കം തീര്‍ന്നാല്‍ വസ്തു തിരിച്ചുകൊടുക്കേണ്ടി വരുമെന്നതിനാല്‍ വഖഫ് ബോര്‍ഡിന് മുന്നിലുള്ള തര്‍ക്കങ്ങള്‍ അനാവശ്യമായി നീട്ടിക്കൊണ്ടുപോയി ആ വരുമാനം കൈക്കലാക്കുന്നതിനും ബോര്‍ഡിന് അസാധാരണ മിടുക്കുണ്ട്.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടുമെന്ന മന്ത്രി കെ ടി ജലീന്റെ പ്രഖ്യാപനം പ്രാവര്‍ത്തികമാകുന്നതോടെ, പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് നിയന്ത്രണം വരുമെന്നാണ് കരുതേണ്ടത്. അതോടെ, ഒരുപാട് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. നിയമനത്തിലാണ് വഖഫ് ബോര്‍ഡ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും തുടക്കം. വഖഫ് സ്വത്തുക്കള്‍ സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കണമെന്ന് ചട്ടം നിലനില്‍ക്കെ അന്യമതസ്തരായ അഞ്ച് പേര്‍ക്ക് ബോര്‍ഡില്‍ നിയമനം നല്‍കിയിട്ടുണ്ടെന്ന കാര്യം വിസ്മരിക്കരുത്. ഇത്തരത്തിലുള്ള പിന്‍വാതില്‍ നിയമനങ്ങള്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങളും അഴിമതികളും ഇത്തരത്തിലാണെന്നിരിക്കെ ബോര്‍ഡുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ നിയമനങ്ങളിലെങ്കിലും അഴിമതി അവസാനിപ്പിക്കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുകയാണ് മുസ്ലിം സംഘടനകള്‍ ചെയ്യേണ്ടത്. ഇതിനെതെരെ സമരരംഗത്ത് വരാനാണ് ഒരു വിഭാഗം സംഘടനകള്‍ തീരുമാനിച്ചത് എന്നതില്‍ നിന്നു മനസ്സിലാക്കേണ്ടത് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന നീതിരഹിതമായ പ്രവര്‍ത്തനങ്ങളില്‍ അത്തരക്കാര്‍ക്കും പങ്കുണ്ടെന്നല്ലാതെ മറ്റെന്താണ്?
(18/12/2017 ന് സിറാജ് ദിനപത്രത്തില്‍ വന്ന ലേഖനം)