ഇ-മഹല് ലേഖനം

ന്യൂനപക്ഷം ആരെയാണ് കാത്തിരിക്കുന്നത്?


Published - Jul 05 , 2017 15:03 PME. Yakoob faizy 


     മൂഹത്തില്‍ ഒരു വിഭാഗം അസ്ഥിരമായി നിലനിന്നുപോരുന്നത് അതുള്‍ക്കൊള്ളുന്ന രാജ്യത്തിന്‍റെ വികസനത്തെയും പുരോഗതിയെയും പ്രതികൂലമായി ബാധിക്കും. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട മത-സാമൂഹിക വിഭാഗങ്ങളെ പുതിയ പദ്ധതികളും നയപരമായ ഇടപെടലും കൊണ്ട് സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയാണ് ഇന്ത്യന്‍ മുസ്ലിംകളുടെ പിന്നാക്കാവസ്ഥയെകുറിച്ച് പഠിക്കാന്‍ 2005 മാര്‍ച്ച് 9ന് രജീന്ദര്‍ സിംഗ് സച്ചാറിന്‍റെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിച്ചതും കമ്മീഷന്‍ 2006 നവംബര്‍ 17ന് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ ദേശീയ വിഷയമാണ്. ന്യൂനപക്ഷത്തിന്‍റെ അസ്തിത്വവും സുരക്ഷിതത്വവും അവസരസമത്വവും വിശാലമായി ചര്‍ച്ച ചെയ്യപ്പെടണം.

     സമുദായത്തിന്‍റെ വിദ്യാഭ്യാസനിലവാരം സമൂഹത്തിലെ അതിന്‍റെ പദവിയുടെ പ്രധാനപ്പെട്ട മാനദണ്ഡമാണ്. സമൂഹത്തിലെ കൗമാരവും യുവത്വവും ഏറ്റവുമധികം ബന്ധപ്പെട്ടിരിക്കേണ്ടത് വിദ്യാഭ്യാസ വുമായാണ്. എന്നാല്‍ കേരളത്തിലെ അവസ്ഥയില്‍ പതിനെട്ടിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവര്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത് വിവിധ സമുദായങ്ങളില്‍ വ്യത്യസ്തമായാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2004ല്‍ നടത്തിയ സര്‍വ്വേ പ്രകാരം കോളേജ് തലത്തില്‍ വിദ്യാഭ്യാസം ചെയ്യുന്നവര്‍ മുന്നോക്ക ഹിന്ദു 28.1 ശതമാനം, ഹിന്ദു 18.7 ശതമാനം, പിന്നാക്ക ഹിന്ദു 16.7 ശതമാനം, പട്ടിക വര്‍ഗം 11.8 ശതമാനം, പട്ടിക ജാതി 10.3 ശതമാനം എന്നിങ്ങനെയാണ്. മതന്യൂനപക്ഷങ്ങളില്‍ ക്രിസ്ത്യാനികള്‍ 20.5 ശതമാനം ആണെങ്കില്‍ കോളേജുകളുമായുള്ള മുസ്ലിം യുവാക്കളുടെ ബന്ധം കേവലം 8.1 ശതമാനം മാത്രമാണ്.

    കേരളത്തില്‍ ജാതിയും തൊഴിലും തമ്മില്‍ വലിയ ബന്ധമുണ്ടായിരുന്നു. നായര്‍-ബ്രാഹ്മണര്‍ ജന്മികളും കൃഷിക്കാരും, പൊതുഭരണത്തിലും വിദ്യാഭ്യാസ മേഖലകളിലും മുഖ്യ പങ്കാളികളുമായിരുന്നു. ക്രിസ്ത്യാനികള്‍ കാര്‍ഷിക വൃത്തി, കച്ചവടം, ഗതാഗതം, വ്യവസായം എന്നിവയില്‍ ഏര്‍പ്പെട്ടു. താഴ്ന്ന ജാതി ഈഴവര്‍ മുഖ്യമായും പാരമ്പര്യ തൊഴിലുകളിലും നാളികേര സംസ്കരണം, തെങ്ങ് ചെത്ത്, കയര്‍ നിര്‍മ്മാണം എന്നിവയില്‍ ഏര്‍പ്പെട്ടവരും കര്‍ഷക തൊഴിലാളികളും ആയിരുന്നു. മുസ്ലിംകള്‍ മുഖ്യമായും പാട്ടകൃഷിയും കൂലിവേലയും ചെയ്തുപോന്നു. കേരളത്തിലെ പകുതിയിലേറെ ജോലിയും വഹിച്ചുപോന്നത് ഒറ്റ സമുദായമായിരുന്നു. ഉന്നത ജോലികളില്‍ നായര്‍ സമുദായം എത്തിപ്പിടിച്ചത് ജനസംഖ്യാനുപാതത്തിന്‍റെ ഏതാണ്ട് രണ്ട് മടങ്ങാണ്.

    പതിനെട്ടിനും ഇരുപത്തഞ്ചിനുമിടയില്‍ മുസ്ലിംകളില്‍ 30 ശതമാനം പേര്‍ തൊഴില്‍ ചെയ്യുന്നുണ്ടെങ്കിലും 55.2 ശതമാനം പേരും തൊഴില്‍ രഹിതരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ മുസ്ലിംകളുടെ ശതമാനം പരിമിതമാണ്. 2004 ലെ കണക്കു പ്രകാരം കേരളത്തിലെ ജനസംഖ്യയില്‍ 26.9 ശതമാനം വരുന്ന മുസ്ലിംകള്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലെ പ്രാതിനിധ്യം കേവലം 11.4 ശതമാനം മാത്രമാണ്. സച്ചാര്‍ സമിതി നടത്തിയ കണ്ടെത്തലില്‍ ഏറ്റവും പരിതാപകരമാണ് തൊഴില്‍ രംഗത്തെ അവസ്ഥ. പോലിസിലെ മുസ്ലിം പ്രാതിനിധ്യം കേവലം ആറ് ശതമാനമാണ്. പട്ടാളത്തില്‍ നാലു ശതമാനമാണ് മുസ്ലിംകള്‍. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകളെഴുതുന്ന മുസ്ലിംകള്‍ വെറും നാലു ശതമാനമാണ്. രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ മേഖലയായ റെയില്‍വേയില്‍ ജോലിചെയ്യുന്ന 14 ലക്ഷം പേരില്‍ 4.5 ശതമാനം മാത്രമാണ് മുസ്ലിംകള്‍. അതില്‍ തന്നെ എ, ബി ക്ലാസുകളില്‍ ജോലിചെയ്യുന്ന മുസ്ലിംകള്‍ 1.3 ശതമാനമാണ്. തപാല്‍ സര്‍വീസില്‍ അഞ്ചുശതമാനം മുസ്ലിംകള്‍. അതില്‍ ഗ്രൂപ്പ് എയില്‍ 1.8 ശതമാനം. 129 സര്‍വകലാശാലകളിലും 84 കോളേജുകളിലുമായി 1.37 ലക്ഷം ജീവനക്കാരുള്ളതില്‍ 3.7 ശതമാനം മുസ്ലിം അധ്യാപകരാണുള്ളത്. അനധ്യാപകര്‍ 5.4 ശതമാനവും. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ 6.88 ലക്ഷം ജീവനക്കാരുള്ള 154 സ്ഥാപനങ്ങളില്‍ ഉയര്‍ന്ന തസ്തികകളില്‍ 2.3 ശതമാനം മുസ്ലിംകളും മധ്യതലത്തില്‍ 2.8 ശതമാനവുമാണ്.

     പ്രൊഫഷണല്‍ മേഖലകളിലും സമുദായം മുന്നേറിയിട്ടില്ല. മുസ്ലിം ഡോക്ടര്‍ മാരുടെ എണ്ണം വെറും 9.5 ശതമാനമാണ്. വിദ്യാഭ്യാസത്തേക്കാളേറെ മുസ്ലിം ചിന്തിച്ചുവശായത്    പ്രവാസിയായി ജീവിക്കാനാണ്. 2004 കണക്ക് പ്രകാരം കേരളത്തിന് പുറത്ത് ജീവിതമാര്‍ഗം തേടി ജീവിക്കുന്ന ജനവിഭാഗങ്ങളില്‍ ക്രിസ്ത്യാനികള്‍ ഉന്നത വിദ്യാഭ്യാസം   നേടിയവരും മുസ്ലിംകള്‍ വിദ്യാസമ്പന്നരല്ലാത്ത പ്രവാസികളുമാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയും മുസ് ലിംകളിലും രൂക്ഷമാണ്. ഇവ ഗ്രാമങ്ങളില്‍ 10 ശതമാനവും   നഗരങ്ങളില്‍  14.7 ശതമാനവുമാണ്. 2004-05 ലെ കണക്കില്‍ ഇന്ത്യയിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ 22.7 ശതമാനമാണെങ്കില്‍ മുസ്ലിംകളില്‍ അത് 31 ശതമാനമാണ്. അതായത്   ദേശീയ ശരാശരിയെക്കാള്‍ 8 ശതമാനം അധികം. കുറഞ്ഞ ആളോഹരി വരുമാനത്തിലും മുസ്ലിംകള്‍ ഏറെ പിന്നിലാണ്. പ്രതിശീര്‍ഷ വരുമാനം മുസ്ലിം 9600 രൂപ. ഹിന്ദു 11400 രൂപ.   ക്രിസ്ത്യന്‍ 12656 രൂപ.

     സ്വന്തം ഭൂമിയും സ്വന്തം പാര്‍പ്പിടവും വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും തൃപ്തിപ്പെടുത്തുന്നതാണ്. ഈ രംഗത്തും മുസ്ലിംകള്‍ പിന്നാക്കമാണ്. 1968 ലെ സര്‍വ്വേ പ്രകാരം മുസ്ലിം ജനസംഖ്യയില്‍ മൂന്നിലൊന്ന് പേര്‍ക്കും അത്രത്തോളം ഈഴവ കുടുംബങ്ങള്‍ക്കും സ്വന്തമായി ഭൂമിയില്ലാത്തവരാണ്. എന്നാല്‍ 1986 ലെ കണക്ക് പ്രകാരം കൃഷിഭൂമിയില്ലാത്ത മുസ്ലിംകള്‍ 37 ശതമാനമാണ്.

     കേരളത്തില്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജീവിതനിലവാരവും അവസ്ഥയും മെച്ചമാണെന്നു പറയുമ്പോഴും വിദ്യാഭ്യാസ രംഗത്തും മറ്റും മുസ്ലിംകള്‍ പിന്നിലാണെന്നു തന്നെയാണ് പാലൊളി കമ്മിറ്റി കണ്ടെത്തിയത്. മുസ്ലിംകള്‍ക്ക് നിയമനനഷ്ടം ഉണ്ടായിട്ടുണ്ട്. മെറിറ്റില്‍ നിയമനം ലഭിക്കേണ്ട നിരവധി പേര്‍ക്ക് സംവരണത്തിലാണ് നിയമനം ലഭിക്കുന്നത്. മെറിറ്റില്‍ നിയമനം ലഭിക്കേണ്ടവര്‍ക്ക് അങ്ങനെതന്നെ നിയമനം നല്‍കണം. സംവരണ തസ്തികയില്‍ ഒഴിവുവന്നാല്‍ സംവരണം വഴി തന്നെ അത് നികത്തണം. സംസ്ഥാനസര്‍ക്കാര്‍ സര്‍വീസില്‍ 7 സംവരണ സമുദായങ്ങള്‍ക്ക് 10 വര്‍ഷത്തിനിടെ 18525 തസ്തികകള്‍ നഷ്ടമായെന്നാണ് ജ. നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയത്.

    മുസ്ലിംകള്‍ സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം സാമൂഹികവും സാമ്പത്തികവും തൊഴില്‍ പരവുമായി കൂടുതല്‍ കൂടുതല്‍ തകര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന് കണക്കുകളും സ്ഥിതിവിവരങ്ങളും തെളിയിക്കുന്നു. ഒരു ജനവിഭാഗം പിന്തള്ളപ്പെട്ടുപോയാല്‍ രാജ്യം ദരിദ്രമായി പോകുമെന്ന നിലപാടാണ് സച്ചാര്‍ കമ്മിറ്റി കണ്ടിട്ടുള്ളത്. മുസ് ലിംകളുടെയും ദളിതരുടെയും മറ്റു പിന്നോക്കക്കാരുടെയും അവസ്ഥയില്‍ മുന്നേറ്റം ഉണ്ടായിട്ടില്ലെങ്കില്‍ പുരോഗതി എന്ന് പറയുന്നത് അര്‍ത്ഥശൂന്യമാകുന്നു. അതുകൊണ്ട് ഇവരെ സാമൂഹികവും സാമ്പത്തികവുമായി മുന്നോട്ടുകൊണ്ടുപോകാന്‍ ആ വശ്യമായ നയപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ അവസരസമത്വം ഉണ്ടാകണം.

    അതോടൊപ്പം പദ്ധതികള്‍ നടപ്പിലാക്കാനാവശ്യമായ വിവരം ശേഖരിക്കാന്‍ അധികാരമുള്ള ഒരു ദേശീയ സ്ഥിതിവിവര ബേങ്ക് (നാഷണല്‍ ഡാറ്റാ ബേങ്ക്) സ്ഥാപിക്കേണ്ടതാണ്. കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും തൊഴില്‍, വിദ്യാഭ്യാസം, ഭരണപങ്കാളിത്തം, പദ്ധതികളുടെ പുരോഗതി, പ്രാതിനിധ്യം എന്നിവ തിട്ടപ്പെടുത്തുകയും ആധികാരികമായി പൂര്‍ത്തീകരിക്കുകയും വേണം.

     ജസ്റ്റിസ് രംഗനാഥമിശ്ര കമ്മീഷനും മറ്റു കമ്മീഷനുകളും മുസ്ലിംകളുടെ പരിതാപകരമായ അവസ്ഥ തെളിവുകള്‍ സഹിതം സമര്‍ത്ഥിച്ച സാഹചര്യത്തില്‍ ഒ.ബി.സി ക്വാട്ടയില്‍ ഗണ്യമായ ശതമാനം മുസ്ലിംകള്‍ക്ക് മാത്രമായി നീക്കിവെക്കണം. അടുത്തിടെ രൂപീകരിച്ച കേരള ന്യൂനപക്ഷ കമ്മീഷന് കൂടുതല്‍ അധികാരം നല്‍കണം. കേരള ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനിലൂടെയുള്ള വായ്പാ പദ്ധതികള്‍ക്ക് നടപടിക്രമങ്ങള്‍ ലളിതമാക്കണം.

     വായ്പാ തുക വര്‍ധിപ്പിക്കുകയും വായ്പ പലിശരഹിതമാക്കുകയും വേണം. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും പദ്ധതികള്‍ അട്ടിമറിക്കുന്ന പ്രവണതക്കെതിരെ ജാഗ്രത പുലര്‍ത്തുക യും ചെയ്യേണ്ടതാണ്. ന്യൂനപക്ഷങ്ങള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ 'പത്താം തരം കഴിയാത്തവര്‍ക്ക് സാങ്കേതിക വിദ്യാഭ്യാസം' എന്ന പദ്ധതി ഫലപ്രദമായി കേരളത്തില്‍ നടപ്പാക്കാനും പ്രചരിപ്പിക്കാനും ആ വശ്യമായത് ചെയ്യണം. ഓരോ വര്‍ഷവും കേന്ദ്ര ഗവ. നീക്കിവെക്കുന്ന തുക അതത് സാമ്പത്തിക വര്‍ഷം തന്നെ ന്യൂനപക്ഷങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ വേണ്ട നടപടിയും സൂക്ഷ്മതയും ജാഗ്രതയും കേരള സര്‍ക്കാര്‍ നിറവേറ്റണം. മുസ്ലിം ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് നിലവിലുള്ള അലിഖിത നിരോധനം എടുത്തുകളയണം. സൗകര്യമുള്ള സ്ഥലങ്ങളില്‍ മുസ്ലിംകള്‍ക്ക് ഖബര്‍സ്ഥാനായി ഉപയോഗിക്കാന്‍ നിലവിലുള്ള തടസ്സങ്ങള്‍ മാറണം.

     ചുരുക്കത്തില്‍ മുസ്ലിം സമൂഹത്തിന്‍റെ അരക്ഷിതാവസ്ഥ മാറാന്‍ കമ്മീഷനുകളുടെ കണ്ടെത്തലുകള്‍ മാത്രം പോരാ. മറിച്ച് സര്‍ക്കാറുകളുടെ ഭാഗത്തു നിന്നുണ്ടാകേണ്ട നടപടിക്രമങ്ങള്‍ ലഘൂകരിച്ച് നടപ്പാക്കേണ്ടതുണ്ട്. മാത്രമല്ല മതനേതൃത്വം ഉണരുകയും ഉണര്‍ത്തുകയും ചെയ്തു മുന്നേറണം. ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണം. മറ്റാരെയും കാത്തിരിക്കേണ്ടതില്ല.


ഹോമിലേക്ക് തിരികെ