Published - Jun 17 , 2017 15:22 PM
മഹല്ല് ശാക്തീകരണം, മദ്റസാ എംപവര്‍മെന്റ് സ്കീം, ധനസഹായങ്ങള്‍, ലീഗല്‍ അവേര്‍നസ് പ്രോഗ്രാം, നാഷണല്‍ ഡെലിഗേറ്റ് മീറ്റ് എന്നീ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് പദ്ധതി നടപ്പിലാക്കുക.
കോഴിക്കോട്: മഹല്ല്-സ്ഥാപന ശാക്തീകരണത്തിന്റെ വഴിയില്‍ പുതുമയാര്‍ന്ന പദ്ധതികള്‍ക്ക് കോഴിക്കോട് ചേര്‍ന്ന സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്കി. മഹല്ല് ശാക്തീകരണം, മദ്റസാ എംപവര്‍മെന്റ് സ്കീം, ധനസഹായങ്ങള്‍, ലീഗല്‍ അവേര്‍നസ് പ്രോഗ്രാം, നാഷണല്‍ ഡെലിഗേറ്റ് മീറ്റ് എന്നീ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് പദ്ധതി നടപ്പിലാക്കുക.
ഇ-മഹല്ല് സ്ഥാപിച്ച് 100 മഹല്ലുകളെ മോഡല്‍ മഹല്ലുകളാക്കി ഉയര്‍ത്തി ഗ്രാന്റ് നല്‍കുക, മദ്റസകളുടെ ഭൗതികസൗകര്യങ്ങള് മെച്ചപ്പെടുത്തി ആകര്‍ഷണീയമാക്കുക, കമ്മിറ്റി ഭാരവാഹികള്‍ക്ക് അക്കാദമിക്, ഫിനാന്‍ഷ്യല്‍ പ്രോബ്ലം അനലൈസിംഗ്, ടൈം മാനേജ്മെന്റ്, ഫെസിലിറ്റി മാനേജ്മെന്റ് ട്രൈനിംഗ്, രക്ഷിതാക്കള്‍ക്ക് മദ്റസയുമായി ഹൃദയബന്ധമുണ്ടാക്കുന്നതിനുള്ള പരിപാടികള്‍, വിദ്യാര്‍ത്ഥികള്‍ക്ക് പഠന-പാഠ്യേതര പ്രോത്സാഹനം, സ്കോളര്‍ഷിപ്പ്, സമ്പൂര്‍ണ ഗ്രേഡിംഗ് നടപ്പിലാക്കി തിരഞ്ഞെടുത്ത 1000 മദ്റസകളെ ഇന്ഡ്രൊടക്ഷന്, ട്രൈനിംഗ്, ഇംപ്ലിമെന്റ്, ഇവാല്വേഷന്‍, എന്‍ഡോവ്മെന്റ് എന്നീ അഞ്ച് ഘട്ടങ്ങളിലൂടെ മോഡല്മദ്റസകളാക്കി മാറ്റുക, മദ്റസയില്ലാത്ത സ്ഥലങ്ങളിലും ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിലും പിന്നാക്കം നില്ക്കുന്ന സ്ഥലങ്ങളിലും വര്‍ഷത്തില്‍ 500 മദ്റസകള്‍ നിര്‍മ്മിക്കുക, ഫ്ളാറ്റുകളും ടൗണുകളും കേന്ദ്രീകരിച്ച് ഹോളിഡേ മദ്റസകള്‍ സ്ഥാപിക്കുക, മദ്റസാ മാനേജ്മെന്റുകളെ സംഘടിപ്പിച്ച് മദ്റസാ മള്‍ട്ടിറ്റ്യൂഡ് എന്ന പേരില്‍ മദ്റസാ സമ്മേളനങ്ങള്‍ നടത്തുക, വര്‍ഷങ്ങളായി നടന്നുവരുന്ന മദ്റസാ നിര്‍മ്മാണ -പുനര്‍നിര്‍മ്മാണ സഹായങ്ങള്‍ വിപുലീകരിക്കുക, മദ്റസാദിന ഫണ്ടില്‍ നിന്നും വര്‍ഷത്തില്‍ 25 ലക്ഷം രൂപ മദ്റസാ നിര്‍മ്മാണ ധനസഹായത്തിന് വേണ്ടി നീക്കിവെക്കുക, മദ്റസകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സൗന്ദര്യവത്കരണത്തിനും ബില്‍ഡിംഗ് റിപ്പയറിംഗ്, ഫര്‍ണിച്ചര്‍ വാങ്ങല്‍, ഫര്‍ണിച്ചര്‍ റിപ്പയറിംഗ്, മൂത്രപ്പുര-ടോയ്ലറ്റ് നിര്‍മ്മാണം, റിപ്പയറിംഗ് എന്നിവക്ക് 'ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം' പദ്ധതിക്കു കീഴില്‍ സഹായം നല്‍കുക, സര്‍വീസില്‍നിന്നു പിരിഞ്ഞ മുഅല്ലിം, മുഅദ്ദിന്, ഇമാം തുടങ്ങിയ ഉസ്താദുമാര്‍ക്കു നല്‍കിവരുന്ന സ്ഥിരം ക്ഷേമ പെന്ഷന് തുക പതിനായിരം രൂപയായി വര്‍ധിപ്പിക്കുക, മസ്ജിദ് ഇമാം, ഖത്വീബ്, മുഅദ്ദിന്, മുദരിസ് എന്നിവര്‍ക്കും ദഅ്വാകോളേജ് അധ്യാപകര്‍ക്കും ഏര്‍പ്പെടുത്തിയ മസ്ജിദ് എംപ്ലോയീസ് സര്‍വീസ് രജിസ്റ്റര്‍ വിപുലമാക്കുകയും സര്‍വീസ് രജിസ്റ്റര്‍ എടുത്തവര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുകയും ചെയ്യുക, പ്രമുഖ നിയമജ്ഞരുടെ നേതൃത്വത്തില്‍ മാനേജ്മെന്റുകള്‍ക്ക് നിയമാവബോധമുണ്ടാക്കാനുതകുന്ന പരിപാടികള്‍ ലീഗല്‍ അവേര്‍നസ് പ്രോഗ്രാം (ലാപ്) എന്ന പേരില്‍ ക്രമീകരിച്ച് നടത്തുക, നിയമ വിജ്ഞാനങ്ങള്‍ ലളിതമായി പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക, ആള് ഇന്ത്യാ തലത്തില്‍ മാനേജ്മെന്റുകളെ സംഘടിപ്പിക്കുന്നതിന് നാഷണല്‍ ഡെലിഗേറ്റ് മീറ്റ് തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോഴിക്കോട് എമറാള്‍ഡ് ഹാളില്‍ നടന്ന കൗണ്‍സില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര് കട്ടിപ്പാറ സ്വാഗതം ആശംസിച്ചു. 'സംഘാടനത്തിന്റെ എളുപ്പവഴി' റഹ്മത്തുല്ല സഖാഫി എളമരം, 'പ്രതിരോധത്തിന്റെ ചുറ്റുവട്ടങ്ങള്‍' പ്രൊഫ. കെ.എം.എ റഹീം അവതരിപ്പിച്ചു. പി.കെ. അബ്ദുറഹ്മാന് മാസ്റ്റര്‍ റിപ്പോര്‍ട്ട്, കണക്ക്, ഇ. യഅ്ഖൂബ് ഫൈസി വാര്‍ഷിക പദ്ധതി അവതരിപ്പിച്ചു. വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി, പ്രൊഫ. യു.സി. അബ്ദുല്‍ മജീദ്, ഡോ. പി.എ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം പ്രസംഗിച്ചു.